Friday, January 23, 2026
HomeNews12 മണിക്കൂർ ജോലി കഠിനം; 2.7 കോടി രൂപയുടെ ജോലി വേണ്ടെന്നുവെച്ച് യുവാവ്

12 മണിക്കൂർ ജോലി കഠിനം; 2.7 കോടി രൂപയുടെ ജോലി വേണ്ടെന്നുവെച്ച് യുവാവ്

2.7 കോടി രൂപയുടെ ‘സ്വപ്ന ജോലി’ വേണ്ടെന്നുവെച്ച് 22 -കാരൻ. അമേരിക്കയിലെ എഐ സ്റ്റാർട്ടപ്പായ ‘ക്ലൂലി’യിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ ഡാനിയേൽ മിൻ ആണ് കോടികൾ ശമ്പളമുള്ള തന്റെ ജോലി ഉപേക്ഷിച്ചത്. പ്രതിവർഷം 3 ലക്ഷം ഡോളറിലധികം അതായത് ഏകദേശം 2.7 കോടി രൂപ ആയിരുന്നു ഇദ്ദേഹത്തിന്റെ ശമ്പളം. ദിവസേന 12 മണിക്കൂർ നീളുന്ന കഠിനമായ ജോലിഭാരമാണ് ജോലി വിടാൻ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഡാനിയേൽ മിൻ പറയുന്നത്, ഇടവേളകളില്ലാത്ത ഈ ജോലി കാരണം സുഹൃത്തുക്കളോടൊപ്പം അത്താഴം കഴിക്കുന്നതോ, തന്റെ സഹോദരന്റെ ജന്മദിനത്തിന് സർപ്രൈസ് നൽകുന്നതോ പോലുള്ള ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ നഷ്ടപ്പെടാൻ കാരണമായി എന്നാണ്. ക്ലൂലിയിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ വെറും എട്ടുമാസം മാത്രമാണ് മിൻ ജോലി ചെയ്തത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് തന്റെ ജോലി സമ്മർദ്ദത്തെക്കുറിച്ച് മിൻ വെളിപ്പെടുത്തിയത്.

കണ്ടന്റ് ക്രിയേറ്റർ കൂടിയായ ഡാനിയേൽ മിൻ 2025 മെയ് മാസത്തിലാണ് ക്ലൂലിയിൽ സിഎംഒ ആയി ചേർന്നത്. വാർട്ടൻ സ്കൂളിൽ നിന്ന് മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് മാനേജ്‌മെന്റിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹത്തിന് അന്ന് വെറും 21 വയസ്സായിരുന്നു പ്രായം. എന്നാൽ ജോലിയിൽ പ്രവേശിച്ച് നാല് മാസത്തിനുള്ളിൽ തന്നെ ജോലിഭാരം തളർത്തി തുടങ്ങി എന്നാണ് മിൻ പറയുന്നത്. തുടക്കത്തിൽ തന്റെ ജോലി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്ന് മിൻ വിശദീകരിച്ചു. എന്നാൽ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ജോലിയിൽ വിരസത അനുഭവപ്പെട്ടു തുടങ്ങിയത്രേ. 

ഒടുവിൽ, ക്ലൂലിയുടെ സിഇഒ റോയ് ലീ മിന്നിന്റെ അതൃപ്തി ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്തു. അങ്ങനെ തന്റെ മനസ്സിലെ അസ്വസ്ഥത മിൻ സിഇഒ യോട് വെളിപ്പെടുത്തി. അദ്ദേഹമാകട്ടെ, മിന്നിനെ പൂർണ്ണമായി പിന്തുണയ്ക്കുകയും സന്തോഷം നൽകുന്ന കാര്യം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് മിൻ ജോലി വിടുന്നത്. ഏതായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments