ദില്ലി : 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. ഞായറാഴ്ചയാണെങ്കിലും ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ജനുവരി 29-ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. ജനുവരി 28-ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രിൽ 2 വരെയാണ് നീണ്ടുനിൽക്കുക. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. ജനുവരി 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടർന്ന് ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 9 ന് സഭ വീണ്ടും ചേരുകയും ഏപ്രിൽ 2ന് സമ്മേളനം പൂർത്തിയാവുകയും ചെയ്യുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. 1959 നും 1964 നും ഇടയിൽ ആറ് തവണയും, 1967 നും 1969 നും ഇടയിൽ നാല് തവണയുമാണ് മൊറാർജി ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് ധനമന്ത്രിമാരിൽ പി ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും വിവിധ സർക്കാരുകൾക്ക് കീഴിൽ അവതരിപ്പിച്ചിട്ടുണ്ട്. 2019 ൽ നരേന്ദ്ര മോദി സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്നപ്പോഴാണ് നിർമല സീതാരാമൻ ആദ്യമായി ഇന്ത്യയുടെ ധനമന്ത്രിയായത്. 2024 ൽ മോദി സർക്കാർ മൂന്നാം തവണയും വിജയിച്ചപ്പോൾ അവർ ധനകാര്യ വകുപ്പിൽ തന്നെ തുടരുകയായിരുന്നു.

