അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും അവിടെയുള്ള വിദേശ പൗരന്മാർക്കും ശക്തമായ മുന്നറിയിപ്പുമായി യു.എസ് എംബസി. നിയമലംഘനങ്ങൾ വിസ റദ്ദാക്കുന്നതിലേക്കും നാടുകടത്തലിലേക്കും നയിക്കുമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. അമേരിക്കൻ നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യു.എസ് എംബസി വ്യക്തമാക്കി. യു.എസ് വിസ എന്നത് ഒരു വ്യക്തിയുടെ അവകാശമല്ല, മറിച്ച് രാജ്യം നൽകുന്ന ഒരു ആനുകൂല്യം മാത്രമാണെന്ന് എംബസി ഓർമിപ്പിച്ചു.
അമേരിക്കയിൽ വെച്ച് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ നിലവിലുള്ള വിസ റദ്ദാക്കപ്പെടും. നിയമം ലംഘിക്കുന്നവരെ ഉടൻ നാടുകടത്താൻ സാധ്യതയുണ്ട്. കൂടാതെ ഭാവിയിൽ അമേരിക്കയിലേക്ക് വരുന്നത് തടഞ്ഞുകൊണ്ട് ദീർഘകാല യാത്രാ നിരോധനം ഏർപ്പെടുത്താനും നിയമമുണ്ട്. വിദ്യാർഥി വിസയിലുള്ളവർ പഠനത്തോടൊപ്പം പാലിക്കേണ്ട കർശനമായ നിയമങ്ങളും റെഗുലേഷനുകളും കൃത്യമായി പിന്തുടരണം.
ഡിസംബർ 26 മുതൽ അമേരിക്കയിലെ എല്ലാ അതിർത്തി പോയിന്റുകളിലും (വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി കടന്നുപോകുന്ന ഇടങ്ങൾ) യു.എസ് പൗരന്മാരല്ലാത്ത എല്ലാവർക്കും നിർബന്ധിത ബയോമെട്രിക് പരിശോധന നടപ്പിലാക്കുന്നുണ്ട്. ഗ്രീൻ കാർഡ് ഉള്ളവർ ഉൾപ്പെടെയുള്ള യു.എസ് പൗരന്മാരല്ലാത്ത എല്ലാവരും ഈ പരിശോധനക്ക് വിധേയരാകണം.യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ എല്ലാ എൻട്രി, എക്സിറ്റ് പോയിന്റുകളിലും വിദേശികളുടെ ഫോട്ടോകൾ എടുക്കും.

