വാഷിംഗ്ടൺ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പരാജയം നേരിട്ടതിന് തൊട്ടുപിന്നാലെ, പ്രതിപക്ഷത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ തനിക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് മുതിർന്നാൽ, അത് അവരുടെ പാർട്ടിയെത്തന്നെ തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വരാൻ സാധ്യതയുള്ള ഇംപീച്ച്‌മെന്റിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.
എന്നാൽ, രാഷ്ട്രീയ തിരിച്ചടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്ന വാർത്താസമ്മേളനത്തിൽ, വൈറ്റ് ഹൗസിലെ നിർമാണ പദ്ധതികളെക്കുറിച്ചാണ് ട്രംപ് ഏറെയും വാചാലനായത്. വൈറ്റ് ഹൗസ് ബാൾറൂമിന്റെ നിർമാണ സ്ഥലത്ത് വച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പകരം തന്റെ പ്രിയപ്പെട്ട പ്രോജക്ടായ കെട്ടിട നിർമാണത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ഏകദേശം 41 മിനിറ്റിലധികമാണ് ട്രംപ് വൈറ്റ് ഹൗസ് കെട്ടിട നിർമാണത്തെക്കുറിച്ചും തന്റെ മറ്റ് ഭാവി പദ്ധതികളെക്കുറിച്ചും സംസാരിച്ചത്. ബാൾറൂമിന്റെ സീലിംഗ് ഉയരം, കൊരിന്ത്യൻ തൂണുകൾ, ഇറ്റാലിയൻ മാർബിളുകൾ, കെട്ടിടത്തിന് താഴെയുള്ള ഭൂഗർഭ ബങ്കർ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദമായി സംസാരിച്ചു. സുപ്രീം കോടതിയിലെ തൂണുകൾക്ക് സമാനമായ ലൈംസ്റ്റോൺ തൂണുകൾ അടുത്ത ആഴ്ച സ്ഥാപിക്കുമെന്നും ഫിനിഷിങ്ങിനായി ഇറ്റാലിയൻ മാർബിൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ കടുത്ത രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും വൈറ്റ് ഹൗസ് നവീകരണത്തിന് സമയം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നിർമാണ പ്രവർത്തനങ്ങൾ തനിക്ക് “റിലാക്സ്” ചെയ്യാനുള്ള ഒരു മാർഗ്ഗമാണെന്നായിരുന്നു ട്രംപിന്റെ മറുപടി.

