പൂനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്‍ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പൂനെയിൽ ആയിരുന്നു അന്ത്യം. പശ്ചിമഘട്ട സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച പരിസ്ഥിതി സ്നേഹി കൂടിയായിരുന്നു ഗാഡ്‍ഗിൽ. 1942 മേയ് 24 പൂനെയിലാണ് ജനനം. പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത പരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് ചെയ്തു. ഹാർവാഡിൽ അദ്ദേഹം ഒരു ഐബിഎം ഫെലോ ആയിരുന്നതു കൂടാതെ അപ്ലൈഡ് മാതമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ താത്‌പര്യമുള്ള അദ്ദേഹത്തിന്‍റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും അദ്ദേഹം എഴുതാറുണ്ട്.
പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനായി 2011-ല്‍ അദ്ദേഹം സമര്‍പ്പിച്ച ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ ഏറെ ചര്‍ച്ചയായിരുന്നു. പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണമാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം . കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ഗാഡ്‍ഗിൽ രംഗത്തെത്തിയിരുന്നു. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

