കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും കേരളത്തിന് നേരത്തെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും നൽകാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ന് കേന്ദ്രമന്ത്രി സന്ദർശിച്ചു.
കൊൽക്കത്ത -ഗുവാഹത്തി റൂട്ടിൽ ഈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യുക. നിയമസഭ തെരഞ്ഞെടുപ്പ് ബംഗാളിലും അസമിലും അടുത്തിരിക്കെയാണ് ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നത്. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും. അസമിലെ രണ്ടും ബംഗാളിലെ ഏഴും ജില്ലകളിലൂടെയാണ് സർവീസ്. മണിക്കൂറിൽ 180 വരെ കിലോമീറ്റർ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം. വിമാനങ്ങളിലേതിനു സമാനമായ കേറ്ററിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കും. 2300 മുതൽ 3600 വരെയാകും ഭക്ഷണം ഉൾപ്പെടെ ഏകദേശ ടിക്കറ്റ് നിരക്ക്.

