ഹമാസിൻ്റെ ഇസ്രയേൽ ആക്രമണത്തിൻ്റെ ഒന്നാം വാർഷികത്തിലേക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിന്റെ സൂചനകൾ. ഇസ്രയേലിലെ ബീർഷെബ നഗരത്തിൽ ഭീകരാക്രമണം ഉണ്ടായി. ബസ് സ്റ്റേഷനിൽ ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ സംഭവത്തിൽ അപലപിച്ചു.
ബീർഷെബ നഗരത്തിൽ ഭീകരാക്രമണം നടത്തിയ ചാവേറാണ് സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിലായിരുന്നു ഇത്. 9 പേർ അത്യാസന്ന നിലയിലാണെന്നും മറ്റൊരാളുടെ നില മെച്ചപ്പെട്ടെന്നും മൂന്ന് പേർക്ക് നിസാര പരിക്ക് മാത്രമേയുള്ളൂവെന്നുമാണ് റിപ്പോർട്ട്.
സ്ഥലത്ത് വൻ പോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഈ മാസം ഒന്നിന് ഇസ്രയേലിലെ ടെൽ അവീവിൽ ഒരു ഭീകരാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലൈറ്റ് റെയിൽവേ സ്റ്റേഷന് സമീപം ജറുസലേം സ്ട്രീറ്റിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍, കുറഞ്ഞത് രണ്ട് തോക്കുധാരികളെങ്കിലും ഉള്‍പ്പെട്ടിട്ടുള്ളതായും രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടതായും ഇസ്രയേലി അധികൃതര്‍ വ്യക്തമാക്കി.