വെനസ്വേലയിലെ സൈനിക നടപടിക്കുശേഷം മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അമേരിക്കൻ സേന പിടികൂടുകയും ശക്തമായ ആക്രമണം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം.മയക്കുമരുന്ന് ഭീകരവാദവും മയക്കുമരുന്ന് സ്വാധീനവും ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ സേനയെ വിന്യസിക്കാൻ പോലും അമേരിക്ക തയ്യാറാണെന്ന് ട്രംപ് സൂചന നൽകി.
വെനസ്വേലയിലെ നടപടിയെ ക്യൂബ എങ്ങനെ കാണണം എന്ന ചോദ്യത്തിന് മറുപടിയായി, ക്യൂബയെക്കുറിച്ചും നമ്മൾ ഇനിയും സംസാരിക്കേണ്ടി വരും. ഇപ്പോൾ ക്യൂബ ഒരു പരാജയപ്പെട്ട രാജ്യമാണ് എന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ക്യൂബയിലെ ജനങ്ങളെ “ സഹായിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു.
ക്യൂബയിലെ ജനങ്ങളെ സഹായിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. ക്യൂബയിൽ നിന്ന് നിർബന്ധിതമായി പുറത്താക്കപ്പെട്ട് ഇപ്പോൾ ഈ രാജ്യത്ത് കഴിയുന്നവരെയും സഹായിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. കൊളംബിയയിൽ കുറഞ്ഞത് മൂന്ന് വലിയ കൊക്കെയിൻ ഫാക്ടറികളെങ്കിലും ഉണ്ടെന്ന് ട്രംപ് ആരോപിച്ചു. അവർ കൊക്കെയിൻ നിർമ്മിക്കുന്നു. അത് അമേരിക്കയിലേക്ക് അയക്കുന്നു. അതിനാൽ അദ്ദേഹം സൂക്ഷിക്കണം എന്നും ട്രംപ് പ്രതികരിച്ചു.
മദൂറോയുടെ സഖ്യകക്ഷിയാണ് പെട്രോ. വെനിസ്വേലയുടെ തീരത്ത് നടന്ന ഒരു ആക്രമണത്തിൽ സാധാരണക്കാർ ലക്ഷ്യമാക്കപ്പെട്ടുവെന്നും യുഎസ് നടപടി യുഎൻ തത്വങ്ങൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മെക്സിക്കോയെയും ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. മയക്കുമരുന്ന് കാർട്ടലുകളാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗമിന് രാജ്യത്തെ നിയന്ത്രണത്തിൽ വയ്ക്കാൻ കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ശരിയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കു നിയന്ത്രണമുണ്ട്. കാർട്ടലുകളെ ഭയക്കുകയാണെന്നും ട്രംപ് പറഞ്ഞു.മെക്സിക്കോ ഇപ്പോൾ കാർട്ടലുകളാണ് ഭരിക്കുന്നത്. അവരെ ഇല്ലാതാക്കാൻ ഞങ്ങൾ സഹായിക്കട്ടേയോ എന്ന് ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്. എന്നാൽ ‘വേണ്ട, വേണ്ട, ’ എന്നാണ് മറുപടി. അതിനാൽ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടിയെ മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഇത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് അവര്‍ വ്യക്തമാക്കി. ലാറ്റിൻ അമേരിക്കയും കരീബിയൻ പ്രദേശവും “പരസ്പര ബഹുമാനം, സമാധാനപരമായ പരിഹാരം, ബലം പ്രയോഗിക്കരുതെന്ന തത്വം” എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമാധാന മേഖലയാണെന്ന് മെക്സിക്കോയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനവും ജീവനും മാനുഷിക ഗൗരവവും സംരക്ഷിക്കുന്നതുമാണ് കൊളംബിയയുടെ നിലപാടെന്ന് പെട്രോ വ്യക്തമാക്കി. ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കനേൽ ആക്രമണത്തെ “ഭീരുത്വപരവും കുറ്റകരവും വഞ്ചനാപരവുമാണ്” എന്ന് വിശേഷിപ്പിച്ചു.
അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് സൈനിക നടപടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടി യുഎസ് കോൺഗ്രസിലെ ചില അംഗങ്ങളും വിമർശനവുമായി രംഗത്തെത്തി. അനാവശ്യമായ മറ്റൊരു യുദ്ധത്തിന് ട്രംപ് തുടക്കം കുറിച്ചുവെന്ന് നിരവധി ഡെമോക്രാറ്റുകളും ആരോപിച്ചു.

