കാരക്കാസ്: വെനസ്വേലയിലെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡൻ്റ് ആയി നിയമിച്ച് വെനസ്വേല സുപ്രീം കോടതി. വെനസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മദൂറോയേയും ഭാര്യ സിലിയ ഫ്ലോറസിനേയും ബന്ദികളാക്കി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം.
ആർട്ടിക്കിൾ 233, 234 പ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകൾ പ്രകാരമാണ് അധികാര കൈമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്‌സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡൻ്റിനായിരിക്കുമെന്നാണ് ഭരണഘടനാ വ്യവസ്ഥ. മദൂറോയെ യുഎസ് ബന്ദിയാക്കി കൊണ്ടു പോയതിന് മണിക്കൂറുകൾക്കുള്ളിൽ റോഡ്രിഗസ് വെനിസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മഡുറോയേയും ഭാര്യയേയും ഉടൻ മോചിപ്പിക്കണമെന്നും യുഎസ് നടപടി വെനിസ്വേലയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും യോഗത്തിൽ വ്യക്തമാക്കി. യുഎസുമായി റോഡ്രിഗസ് ആശയവിനിമയം നടത്തിയതായുള്ള റിപ്പോർട്ടുകളുമുണ്ട്. മദൂറോ പിടിക്കപ്പെട്ടതിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായി റോഡ്രിഗസ് സംസാരിച്ചുവെന്നും വാഷിങ്ടണുമായി സഹകരിക്കാൻ തയ്യാറെന്ന് അവർ തുറന്നു സമ്മതിച്ചെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അതേസമയം, മദൂറോയെ ബന്ദിയാക്കിയതിന് പിന്നാലെ റോഡ്രിഗസ് നടത്തിയ പ്രസ്താവനകളിൽ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന ഡെൽസി റോഡ്രിഗസ് 2018-ലാണ് വെനസ്വേലയിലെ വൈസ് പ്രസിഡൻ്റാകുന്നത്.
വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്. ഇത് രാജ്യത്തെ പ്രധാനവ്യക്തികളിൽ ഒരാളാക്കി മാറ്റി. സർക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിച്ചിരുന്ന വ്യക്തികൂടിയായ റോഡ്രിഗസിനെ ‘കടുവ’ എന്നായിരുന്നു മദൂറോ വിശേഷിപ്പിച്ചിരുന്നത്. 2013-ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്നു. 2014-17 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു.
ഐക്യരാഷ്ട്ര സഭഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനിസ്വേലയെ പ്രതിനിധീകരിച്ചു. വിദേശ സർക്കാരുകൾ വെനിസ്വേലയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നുവെന്ന് നിരന്തരം ആരോപിച്ചിരുന്നു. 2024 ഓഗസ്റ്റിലാണ് എണ്ണ മന്ത്രാലയം റോഡ്രിഗസിന് നൽകുന്നത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയും ഡെൽസി റോഡ്രിഗസിനായിരുന്നു. 1969 മേയ് 18ന് കാരക്കാസിൽ ജനിച്ചു ഡെൽസി 1970കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളി ജോർജ്ജ് അൻ്റോണിയോ റോഡ്രിഗസിന്റെ്റെ മകളാണ്.

