പ്രശസ്ത ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകളും നടിയുമായ വിക്ടോറിയ ജോൺസിനെ (34) സാൻ ഫ്രാൻസിസ്കോയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തിനാലുകാരിയായ വിക്ടോറിയയെ വ്യാഴാഴ്ച പുലർച്ചെയാണ് നഗരത്തിലെ ആഡംബര ഹോട്ടലായ ഫെയർമോണ്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളോ അക്രമത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഹോട്ടലിലെ പതിനാലാം നിലയിലാണ് വിക്ടോറിയയെ കണ്ടെത്തിയത്. മദ്യപിച്ച് ബോധരഹിതയായി കിടക്കുകയാണെന്ന് കരുതിയ ഒരു അതിഥിയാണ് ഹോട്ടൽ ജീവനക്കാരെ വിവരം അറിയിച്ചത്. ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ വിക്ടോറിയയ്ക്ക് സിപിആർ (CPR) നൽകാൻ ശ്രമിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അവർ മരിച്ചതായി സ്ഥിരീകരിച്ചു.
മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും സംഭവസ്ഥലത്ത് നിന്ന് ലഹരിമരുന്നുകളോ അനുബന്ധ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ, ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ല. മരണകാരണം കൃത്യമായി അറിയുന്നതിനായി മെഡിക്കൽ എക്സാമിനർ അന്വേഷണം നടത്തിവരികയാണ്. വിക്ടോറിയ ഈ ഹോട്ടലിൽ എങ്ങനെ എത്തിയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
‘നോ കൺട്രി ഫോർ ഓൾഡ് മെൻ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ടോമി ലീ ജോൺസിന്റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ കിംബർലിയ ക്ലൗഗ്ലിയുടെയും മകളാണ് വിക്ടോറിയ. ഒരു അഭിനേത്രി കൂടിയായിരുന്ന അവർ തന്റെ പിതാവിനൊപ്പം ചെറുപ്പത്തിൽ തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മെൻ ഇൻ ബ്ലാക്ക് II’, ‘ദ ത്രീ ബറിയൽസ് ഓഫ് മെൽക്വിഡാസ് എസ്ട്രാഡ’, ‘വൺ ട്രീ ഹിൽ’ തുടങ്ങിയവയാണ് അവർ അഭിനയിച്ച പ്രധാന സിനിമകളും ഷോകളും.

