Sunday, January 11, 2026
HomeNewsകാശുവാങ്ങും, കാറിലും കയറ്റില്ല: സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കാശുവാങ്ങും, കാറിലും കയറ്റില്ല: സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : കാശുവാങ്ങും, കാറിൽ കയറ്റില്ലെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വത്തിന്റെ നിലപാടിന് സ്വവസതിയിൽ നടന്ന പത്രസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. താനായിരുന്നെങ്കിൽ വെള്ളാപ്പള്ളിക്കു കൈകൊടുക്കും, കാറിൽ കയറ്റില്ലായിരുന്നു എന്നാണ് ബിനോയ് പറഞ്ഞത്.

‘എന്റെ പണം വേണം. കാറിൽ കയറ്റില്ലെന്നാണ് അവരുടെ നിലപാട്. ടി.വി. തോമസും പി.കെ.വി.യും പി.എസ്. ശ്രീനിവാസനും എത്ര തവണ എന്റെ 2158 നമ്പർ കാറുപയോഗിച്ചിട്ടുണ്ടെന്ന് അറിയാമോ? ആലപ്പുഴയിൽ നടന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ബിനോയ് ഇവിടെ വന്ന് പണം വാങ്ങിയതാണ്.’ കൂടുതൽ പറയുന്നില്ലെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞ അദ്ദേഹം പിന്നീട് അതു വിശദീകരിച്ചു: ‘കവർ കൊടുത്തപ്പോൾ ഒരു ലക്ഷമുണ്ടോയെന്നു ചോദിച്ചു. മൂന്നു ലക്ഷമാണ് ഞാൻ കൊടുത്തത്’.

പി.എം. ശ്രീ വിഷയത്തിൽ മന്ത്രിസഭയിൽ ഭിന്നതയുണ്ടെന്ന പ്രതീതി സി.പി.ഐ. ഉണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു തിരിച്ചടിയുണ്ടാകാൻ അതു പ്രധാന കാരണമായി. നല്ല ഉദ്ദേശ്യത്തിൽ സർക്കാർ ചെയ്ത കാര്യം ശരിയായാലും തെറ്റായാലും മുന്നണിക്കുള്ളിലാണ് സി.പി.ഐ. പറയേണ്ടിയിരുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ അവർക്ക് എത്ര സീറ്റ് കിട്ടിയെന്ന് സി.പി.ഐ. പരിശോധിക്കട്ടെ. താൻ നടത്തിയ ‘ചതിയൻചന്തു’ പരാമർശം ഉൾപ്പെടെ ഒന്നും പിൻവലിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments