Sunday, January 11, 2026
HomeNewsറഷ്യയുടെ എസ്-500 ‘പ്രൊമിത്യൂസ് ‘ വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ ഒരുങ്ങി ഇന്ത്യ

റഷ്യയുടെ എസ്-500 ‘പ്രൊമിത്യൂസ് ‘ വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി : അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി വ്യോമസേനയുടെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യയുടെ എസ്-500 ‘പ്രൊമിത്യൂസ് ‘ എന്ന അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനേപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചു. ചൈനയുടെ സ്‌റ്റെൽത്ത് യുദ്ധവിമാന ഭീഷണിയെ മറികടക്കാനായാണ് എസ്-500 വാങ്ങുന്നതിനേപ്പറ്റി ഇന്ത്യ ചിന്തിക്കുന്നത്. എസ്- 500-ന്റെ രണ്ട് സ്‌ക്വാഡ്രണുകൾ വാങ്ങാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള അഞ്ച് എസ്- 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന് പകരക്കാരനായല്ല, മറിച്ച് അവയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന ഒരു അധിക സുരക്ഷാ പാളിയായാണ് എസ്-500നെ സജ്ജമാക്കുക.

റഷ്യൻ സേനയിൽ ഈ വർഷം മുതൽ പ്രവർത്തനസജ്ജമാകുന്ന എസ്- 500-ന്റെ പരീക്ഷണങ്ങളെല്ലാം പൂർത്തിയായതായാണ് റിപ്പോർട്ട്‌. ഈ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയ്ക്ക് നൽകാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകർക്കാൻ ഇതിന് ശേഷിയുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്.600 കിലോ മീറ്റർ ദൂരെനിന്ന് ലക്ഷ്യങ്ങളെ തിരിച്ചറിയാൻ ചെയ്യാൻ സാധിക്കുന്നത്ര ശക്തമാണ് ഇതിലെ റഡാർ സംവിധാനം. അന്തരീക്ഷത്തിന് 200 കിലോമീറ്റർ മുകളിൽ വരെ (Exo-atmospheric) പോയി ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കും. 77എൻ6-എൻ, 77എൻ6-എൻഎച്ച് എന്നീ അത്യാധുനിക ഇന്റർസെപ്റ്റർ മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.

ജെ-20 അഥവാ മൈറ്റി ഡ്രാഗൺ എന്ന് ചൈന വിശേഷിപ്പിക്കുന്ന സ്റ്റെൽത്ത് യുദ്ധവിമാനങ്ങളെ 600 കിലോ മീറ്റർ അകലെ പോലും തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും. വെരി ഹൈ ഫ്രീക്വൻസി (വിഎച്ച്എഫ്) റഡാർ സംവിധാനമാണ് എസ്-500 ൽ ഉപയോഗിക്കുന്നത്. വിഎച്ച്എഫ് റഡാർ സാങ്കേതിക വിദ്യയിൽ ഇന്ത്യയും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.ചൈനയിൽനിന്ന് ജെ-35 എ എന്ന സ്റ്റെൽത്ത് വിമാനം വാങ്ങാൻ പാകിസ്താൻ പദ്ധതിയിട്ടിട്ടുണ്ട്. ചൈന- പാക് അതിർത്തികളിൽ സുരക്ഷാ വെല്ലുവിളി വർധിച്ച് വരുന്ന സാഹചര്യത്തിലാണ് എസ്-500 വാങ്ങുന്നതിനേപ്പറ്റി ഇന്ത്യ ആലോചിക്കുന്നത്.

ജെ20, ജെ-35 എ എന്നീ യുദ്ധവിമാനങ്ങളുടെ സ്‌റ്റെൽത്ത് ശേഷിയെ മറികടക്കാൻ ഇതിലെ വിഎച്ച്എഫ് റഡാർ സംവിധാനത്തിന് സാധിക്കും. റഡാർ ക്രോസ് സെക്ഷൻ കുറഞ്ഞ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്താനും നേരത്തെ പ്രതിരോധിക്കാനും ഇത് സഹായിക്കും. ഏകദേശം 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രതിരോധ കരാറാകും ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാകുക. റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങിയാൽ യുഎസ് ഉപരോധം നേരിടേണ്ടി വന്നേക്കാം. എന്നാൽ, ദീർഘകാലമായുള്ള പ്രതിരോധ പങ്കാളിയെന്ന നിലയിൽ ഉപരോധ ഭീഷണിയെ മറികടന്നും കരാർ യാഥാർഥ്യമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഹൈപ്പർസോണിക് ബ്രഹ്‌മോസ്-2 മിസൈൽ വികസനത്തിന് ഇരുരാജ്യങ്ങളും സഹകരിക്കാൻ തീരുമാനിച്ചതിന്റെ പിന്നാലെയാണ് പുതിയ നീക്കമെന്നതാണ് ശ്രദ്ധേയം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments