ജറൂസലം : ഹമാസിന്റെ സായുധ വിഭാഗം വക്താവ് അബൂ ഉബൈദ, ഗസ്സയിലെ നേതാവായിരുന്ന മുഹമ്മദ് സിൻവാർ എന്നിവർ ഈ വർഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് തന്നെ സ്ഥിരീകരിച്ചു. ഹമാസ് മിലിട്ടറി വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് തിങ്കളാഴ്ച വിഡിയോ പ്രസ്താവനയിലൂടെ തങ്ങൾക്കുണ്ടായ നഷ്ടം വിശദീകരിച്ചത്.
പുതിയ വക്താവിനെ നിയമിച്ചതായും വ്യക്തമാക്കി. ഇസ്രായേലിന്റെ നേതൃത്വത്തിൽ നടന്ന ഗസ്സ നരനായാട്ടിൽ ഹമാസിന്റെ മാധ്യമ നയം ആവിഷ്‍കരിച്ച വ്യക്തികൂടിയാണ് അബു ഉബൈദ. ആഗസ്റ്റ് 31ന് ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അബു ഉബൈദയുടെ ശരിയായ പേര് ഹുദൈഫ സാമിർ അബ്ദുല്ല അൽ കഹ്‍ലൂത് എന്നാണ്. യഥാർഥ പേരുവിവരം ഇപ്പോഴാണ് സംഘടന വ്യക്തമാക്കുന്നത്. അബു ഉബൈദയെ രക്തസാക്ഷിയെന്ന് സംഘടന വിശേഷിപ്പിച്ചു.
മുഖംമൂടി ധരിച്ച് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന അബു ഉബൈദയുടെ മുഖംമറക്കാത്ത ചിത്രവും പുറത്തുവന്നു. ഫലസ്തീനിലെ റെസിസ്റ്റൻസ് ന്യൂസ് നെറ്റ്‌വർക്കാണ് ചിത്രം പുറത്തുവിട്ടത്. പട്ടാള യൂണിഫോമിൽ കണ്ണ് മാത്രം പുറത്തേക്ക് കാണുന്ന വിധത്തിൽ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് അദ്ദേഹം മാധ്യമങ്ങളുമായി സംവദിച്ചിരുന്നത്. ഹമാസിന്റെ റഫ മേധാവിയായിരുന്ന മുഹമ്മദ് ശബാന ഉൾപ്പെടെ മറ്റു രണ്ടു മുതിർന്ന നേതാക്കളുടെ മരണവും ഖസ്സാം ബ്രിഗേഡ്സ് സ്ഥിരീകരിച്ചു

