ഫ്ലോറിഡ : ഗാസയിൽ സമാധാനത്തിന് ഹമാസ് ആയുധം വെടിയണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം എത്രയും വേഗം ആരംഭിക്കണമെന്നും എന്നാൽ അതിനു മുന്നോടിയായി ഹമാസ് ആയുധം വെടിയണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിന്റെ നിരായുധീകരണം, ഗാസ പുനർനിർമ്മാണം ആരംഭിക്കൽ, ഗാസയിൽ യുദ്ധാനന്തര ഭരണം സ്ഥാപിക്കൽ എന്നിവയിലാണ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബാലിസ്റ്റിക് മിസൈൽ പദ്ധതികളോ ആണവശേഷിയോ പുനർനിർമിക്കാൻ ഇറാൻ ശ്രമിച്ചാൽ യുഎസ് തിരിച്ചടിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഫ്ലോറിഡ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ വസതിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്‌ചയ്ക്കു മുന്നോടിയായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതി വികസിപ്പിക്കുകയാണെന്ന് ബെന്യാമിൻ നെതന്യാഹു അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു, കൂടുതൽ നടപടികൾക്കായി അദ്ദേഹം ട്രംപിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നാണ് വിലയിരുത്തൽ. ഈ വർഷം ആദ്യം, ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു

