ന്യൂയോർക്ക്: ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വംശജനായ 34കാരൻ യുഎസ് നിയമസഭാംഗമായ സൊഹ്‌റാൻ മംദാനി പുതുവത്സരത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുകയാണ്. ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഈ സുപ്രധാന അവസരം ആഘോഷിക്കുന്നതിനായി, 2026 ജനുവരി 1 വ്യാഴാഴ്ച സിറ്റി ഹാളിന് സമീപമുള്ള ബ്രോഡ്‌വേയിൽ ഒരു സൗജന്യ, പബ്ലിക് ബ്ലോക്ക് പാർട്ടി സംഘടിപ്പിക്കുന്നു. രണ്ട് ഘട്ടങ്ങളിലായാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഔദ്യോഗിക ചടങ്ങ് ജനുവരി 1-ന് പുലർച്ചെ 12 മണിക്ക് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കും. ജനുവരി 1-ന് ഉച്ചയ്ക്ക് 1 മണിക്ക് സിറ്റി ഹാളിന്റെ പടിക്കെട്ടുകളിൽ വെച്ച് നടക്കുന്ന പൊതു ചടങ്ങിൽ പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ സെനറ്റർ ബെർണി സാൻഡേഴ്സ് സത്യവാചകം ചൊല്ലിക്കൊടുക്കും.“ഈ ചടങ്ങ് നമ്മൾ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെയും, നമ്മൾ നേടിയ ജനവിധിയുടെയും, നമ്മൾ നയിക്കാൻ തയ്യാറായ നഗരത്തിന്റെയും ആഘോഷമാണ്, ജോലി ചെയ്യുന്ന ന്യൂയോർക്ക് നിവാസികളാണ് ഞങ്ങളുടെ അജണ്ടയുടെ കാതൽ, സിറ്റി ഹാളിലേക്ക് രാഷ്ട്രീയത്തിന്റെ ഈ പുതിയ യുഗത്തെ സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ അവരെ ക്ഷണിക്കുന്നു.” – മംദാനി പറഞ്ഞു.
അധികാരമേൽക്കുന്നതിനോടനുബന്ധിച്ച് ലോവർ മാൻഹട്ടനിലെ ബ്രോഡ്‌വേയിൽ മംദാനി ഒരു വലിയ ‘ബ്ലോക്ക് പാർട്ടി’ സംഘടിപ്പിക്കുന്നുണ്ട്. ‘ഇനാഗുറേഷൻ ഫോർ എ ന്യൂ ഇറ’ (Inauguration for a New Era) എന്നാണ് ഈ പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. ഏകദേശം 40,000-ത്തോളം ആളുകൾക്ക് ഈ പാർട്ടിയിൽ പങ്കെടുക്കാൻ സൗകര്യമുണ്ടാകും. വലിയ സ്ക്രീനുകളിലൂടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണാനും സംഗീത പരിപാടികളിൽ പങ്കുചേരാനും സാധിക്കും. സിറ്റി ഹാൾ മുതൽ ലിബർട്ടി സ്ട്രീറ്റ് വരെയുള്ള ഏഴ് ബ്ലോക്കുകളിലായാണ് ഈ ആഘോഷം നടക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൻ്റെ ഭാഗമാകാൻ നിരവധി രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ എത്തും. സെനറ്റർ ബെർണി സാൻഡേഴ്സ്, അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ്, പബ്ലിക് അഡ്വക്കേറ്റ് ജുമാൻ വില്യംസ്, കോംപ്‌ട്രോളർ-ഇലക്ട് മാർക്ക് ലെവിൻ എന്നിവർ പങ്കെടുക്കും. കൂടാതെ, പ്രശസ്ത യു ട്യൂബർ മിസ് റേച്ചൽ (Ms. Rachel), നടി സിന്തിയ നിക്സൺ, നടന്മാരായ ലൂയിസ് ഗുസ്മാൻ, ജോൺ ടുർട്ടുറോ, കൽ പാൻ, സാഹിത്യകാരന്മാരായ കോൾസൺ വൈറ്റ്‌ഹെഡ്, മിൻ ജിൻ ലീ എന്നിവരടക്കം ചടങ്ങിന് സാക്ഷ്യം വഹിക്കും.ന്യൂയോർക്ക് സിറ്റിയുടെ 112-ാമത് മേയറാകുന്ന ആദ്യത്തെ മുസ്ലീം വംശജനും ദക്ഷിണേഷ്യക്കാരനുമാണ് സൊഹ്‌റാൻ മംദാനി. ഡെമോക്രാറ്റിക് പാർട്ടി അംഗമായ അദ്ദേഹം 2021 മുതൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ ക്വീൻസിലെ 36-ാം ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക (DSA) എന്ന സംഘടനയുടെ ഭാഗവുമാണ്. പലസ്തീൻ അനുകൂല നിലപാടുകളിലൂടെയും ഭവനരഹിതർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. പ്രശസ്ത ചലച്ചിത്ര സംവിധായിക ഇന്ത്യൻ വംശജ മീരാ നായരുടെയും ഉഗാണ്ടൻ അക്കാദമിക് പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.

