തിരുവനന്തപുരം : ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശചിത്രം വ്യക്തം. കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്രകൂട്ടുകെട്ടുകളും കൈയബദ്ധങ്ങളുംകണ്ട തിരഞ്ഞെടുപ്പിനൊടുവിൽ 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനാപ്പം ചേർന്നു. ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എൻഡിഎയ്ക്ക് 30 എണ്ണം. സ്വതന്ത്രരും മറ്റുകക്ഷികളും എട്ട് പഞ്ചായത്തുകളിൽ അധികാരത്തിലെത്തി.
തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് ബിജെപിയുമായി കൈകോർത്തത് വൻ രാഷ്ട്രീയ വിവാദമായി. ഇവിടെ എൽഡിഎഫ് 10, യുഡിഎഫ്-എട്ട്, എൻഡിഎ-നാല്, യുഡിഎഫ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് ഭരണത്തിലെത്താതിരിക്കാൻ രാജിവെച്ച കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി കൈകോർക്കുകയായിരുന്നു.
കോൺഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് കല്ലറക്കലിനെയാണ് കോൺഗ്രസ്, എൻഡിഎ അംഗങ്ങൾ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പിന്നാലെ, ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.
തൃശ്ശൂർ ചൊവ്വന്നൂർ പഞ്ചായത്തിൽ എസ്ഡിപിഐയുടെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ യുഡിഎഫിന് കിട്ടി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.എം. നിധീഷിനോട് സ്ഥാനം രാജിവെക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും രാജിവെച്ചിട്ടില്ല. അതേസമയം, പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് അംഗം എസ്ഡിപിഐ പിന്തുണ സ്വീകരിക്കാതെ രാജിവെച്ചു.
പാലക്കാട് അഗളി ഗ്രാമപ്പഞ്ചായത്തിൽ കൂറുമാറിയ യുഡിഎഫ് അംഗം എൽഡിഎഫ് സഹായത്തോടെ പ്രസിഡന്റായി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. അഗളി ഗ്രാമപ്പഞ്ചായത്ത് 20-ാം വാർഡിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച എൻ.കെ. മഞ്ജുവാണ് അപ്രതീക്ഷിതമായി എൽഡിഎഫിലേക്ക് ചേക്കേറിയത്. 19 അംഗ ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫിന് 10-ഉം, എൽഡിഎഫിന് ഒൻപതും അംഗങ്ങളാണ് ഉണ്ടായിരുന്നത്. മഞ്ജു എൽഡിഎഫ് പിന്തുണയോടെ 10 വോട്ട് ലഭിച്ച് പ്രസിഡന്റായി.
പാലാ കരൂർ പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ ജയിച്ച സ്വതന്ത്രൻ കൂറുമാറി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രസിഡന്റായി. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിലാണ് ഭരണം കിട്ടാതെപോയത്. യുഡിഎഫ് സ്വതന്ത്രനായി ജയിച്ച പ്രിൻസ് അഗസ്റ്റ്യനാണ് ഇടതുപക്ഷ പിന്തുണയോടെ പ്രസിഡന്റായത്. യുഡിഎഫിന് ഒൻപതും എൽഡിഎഫിന് എട്ടും അംഗങ്ങളാണുണ്ടായിരുന്നത്. പ്രിൻസ് അഗസ്റ്റ്യൻ കൂറുമാറിയതോടെ ഇടതുപക്ഷത്തിന് ഭൂരിപക്ഷമായി.
കോട്ടയം കുമരകം പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും ഒത്തുചേർന്ന് പിന്തുണച്ച സ്വതന്ത്രൻ എ.പി. ഗോപി പ്രസിഡന്റായി. 40 വർഷമായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്ത് ഇതോടെ അവർക്ക് നഷ്ടമായി.16 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ്-8, യുഡിഎഫ്-4, ബിജെപി-3, സ്വതന്ത്രൻ-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫും ബിജെപിയും ഗോപിക്ക് വോട്ടുചെയ്തതോടെ അദ്ദേഹത്തിന് എട്ടു വോട്ട് കിട്ടി. സിപിഎമ്മിലെ കെ.എസ്. സലിമോനും ഇതേ വോട്ട് വന്നതോടെ നറുക്കെടുത്തു. അതിൽ ഭാഗ്യം ഗോപിക്കൊപ്പമായി. എൽഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്ക്കരുതെന്ന വിപ്പ് തങ്ങളുടെ അംഗങ്ങൾ ലംഘിച്ചതായി ബിജെപി അറിയിച്ചു. കോൺഗ്രസ് പ്രതികരിച്ചില്ല.
ആകെ ഗ്രാമപ്പഞ്ചായത്തുകൾ 941
അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത് 936
•യുഡിഎഫ് 532, • എൽഡിഎഫ് 358• എൻഡിഎ 30, • മറ്റുള്ളവർ 8 • തർക്കങ്ങൾ കാരണം തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് 8
മുന്നണി സ്വതന്ത്രരെ ഒഴിവാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ ഫലപ്രഖ്യാപനത്തിൽ കക്ഷിനില ഇങ്ങനെ: • യുഡിഎഫ് 511 • എൽഡിഎഫ് 343• എൻഡിഎ 26
ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 59 പഞ്ചായത്തുകളും ഉണ്ടായിരുന്നു.ഇരുവശത്തും അംഗങ്ങൾ തുല്യമായിടത്ത് നറുക്കെടുപ്പും സ്വതന്ത്രരും മറ്റ് കക്ഷികളിലുള്ളവരും മുന്നണികളൊടൊപ്പം ചേർന്നതുമൊക്കെയാണ് വോട്ടെടുപ്പിൽനിന്ന് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എത്തുമ്പോഴുള്ള ഈ മാറ്റത്തിന് കാരണം.

