ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തുന്നു. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. കൗൺസിലർമാരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്. ജനുവരി 9ന് തമിഴ്നാട്ടിൽ എത്തുന്ന മോദി പുതുക്കോട്ടയിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.

