തിരുവനന്തപുരം : തിരുവനന്തപുരത്ത് മേയർ സ്ഥാനാർഥിയായി വി.വി രാജേഷിനെ ബി.ജെ.പി പ്രഖ്യാപിച്ചു. കേരളത്തിൽ ബി.ജെ.പിയുടെ ആദ്യ മേയറാകും വി.വി രാജേഷ്. ആർ. ശ്രീലേഖ മേയറാകുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഒരു വിഭാഗം ഇതിനെ എതിർത്തിരുന്നു. വിഷയത്തിൽ ശ്രീലേഖയുടെ വീട്ടിൽ നടന്ന ചർച്ചയിൽ നേതാക്കൾ കാര്യം ധരിപ്പിക്കുകയും ചെയ്തു.
ശ്രീലേഖയെ മേയറാക്കുന്നതിനെതിരെ ബി.ജെ.പി കൗൺസിലർമാർക്കിടയിൽ ഭിന്നത ഉണ്ടായിരുന്നു. വി.വി രാജേഷിന് ആർ.എസ്.എസ് വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിരുന്നു. ശ്രീലേഖക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യത ഉള്ള സീറ്റ് വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. ഇടതുകോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ നാൽപ്പതു വർഷത്തിനു ശേഷമാണ് ബി.ജെ.പി നേടുന്നത്.
കോർപ്പറേഷനിൽ ബി.ജെ.പിക്ക് 50 സീറ്റാണുള്ളത്. എൽ.ഡി.എഫിന് 29ഉം യു.ഡി.എഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരാണ് ഇത്തവണ കോർപ്പറേഷനിൽ നിന്ന് ജയിച്ചത്. ജി.എസ് ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. കരുമം വാർഡിൽ നിന്നാണ് ഇത്തവണ ആശാനാഥ് മത്സരിച്ചത്. നേരത്തെ ചിറയിൻകീഴ് നിന്ന് നിയമ സഭാ സ്ഥാനാർഥി ആയി മത്സരിച്ചിട്ടുണ്ട്.

