മലപ്പുറം: മലപ്പുറത്ത് ചിലയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11.20നായിരുന്നു സംഭവം. കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സി കെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കത്തിനു സമാനമായ ശബ്ദമുണ്ടായെന്നും ചിലയിടങ്ങളിൽ ശബ്ദം വീണ്ടും ഉണ്ടായതായും വീടുകൾക്കു വിള്ളൽ വീണതായും ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു.
കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വാഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്.
നേരത്തെ 2022ലും സമാനമായ ശബ്ദം മേഖലയിൽ നിന്നും അനുഭവപ്പെട്ടിരുന്നു. ഭൂമികുലുക്കമാണെന്ന് കരുതി ജനം വീടു വിട്ടിറങ്ങിയിരുന്നു. സമാനമാണ് ചൊവ്വാഴ്ച രാത്രിയിലും കോട്ടക്കലിലുണ്ടായത്.

