വാഷിംഗ്ടൺ: വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ കിണഞ്ഞ് ശ്രമിക്കുന്നതിനിടെ നിർണായക നീക്കം നടത്തി യുഎസ്. വെനിസ്വേലയിൽ നിന്ന് അടുത്തിടെ പുറപ്പെട്ട ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.
പനാമയുടെ പതാകയേന്തിയ ‘സെഞ്ചുറീസ്’ (Centuries) എന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെനസ്വേലയിൽ നിന്ന് ചൈനയിലേക്ക് ഏകദേശം 1.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി യാത്ര തിരിച്ച കപ്പലായിരുന്നു ഇതെന്നും റിപ്പോർട്ടുണ്ട്. വെനസ്വേലയിൽ നിന്നുള്ള എണ്ണ ടാങ്കറുകൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
വെനസ്വേലൻ തീരത്ത് നിലയുറപ്പിച്ചിട്ടുള്ള യു.എസ് കോസ്റ്റ് ഗാർഡ് കപ്പലിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററുകൾ വഴിയാണ് ടാങ്കറിലേക്ക് എത്തിയത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ പിടിച്ചെടുക്കുന്ന രണ്ടാമത്തെ ടാങ്കറാണിത്. ഡിസംബർ 10-ന് ‘സ്കിപ്പർ’ (Skipper) എന്ന കപ്പൽ യു.എസ് സേന പിടിച്ചെടുത്തിരുന്നു.
നിക്കോളാസ് മഡുറോ സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. നർക്കോ-ഭീകരവാദത്തിന് (narco terrorism) പണം കണ്ടെത്താനാണ് എണ്ണ വ്യാപാരംകൊണ്ട് വെനസ്വേല ലക്ഷ്യമിടുന്നതെന്നും അതിനാൽ എണ്ണക്കടത്ത് തടയുക എന്നതാണ് കപ്പൽ പിടിച്ചെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും യു.എസ് അധികൃതർ വ്യക്തമാക്കുന്നു.
മുമ്പ് കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ‘കടൽക്കൊള്ള’ ആണെന്നും മഡുറോ സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ, പുതിയ സംഭവത്തോട് വെനിസ്വേല ഇതുവരെ പ്രതികരിച്ചിട്ടില്ല,ഇതോടെ വെനസ്വേലയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

