വാഷിംഗ്ടൺ: സിറിയയിലെ പാൽമിറ നഗരത്തിൽ രണ്ട് യുഎസ് സൈനികരുൾപ്പെടെ മൂന്ന് അമേരിക്കകാർ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്കിപ്പുറം തിരിച്ചടി നൽകി യുഎസ് സൈന്യം. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രങ്ങൾക്കെതിരെ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. മൂന്ന് അമേരിക്കക്കാരെ കൊലപ്പെടുത്തിയതിനോട് ശക്തമായി പ്രതികരിച്ചുകൊണ്ടാണ് തിരിച്ചടികൾ നൽകുന്നതെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സിറിയൻ ഗവൺമെന്റിന്റെ പിന്തുണയും ഉണ്ടെന്നും ട്രംപ് അറിയിച്ചു.
“സിറിയയിൽ ധീരരായ അമേരിക്കൻ ദേശസ്നേഹികളെ ഐഎസ് ക്രൂരമായി കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ കൊലപാതകികളായ തീവ്രവാദികളോട് ഞാൻ വാഗ്ദാനം ചെയ്തതുപോലെ, അമേരിക്ക വളരെ ഗുരുതരമായ പ്രതികാരം ചെയ്യുന്നുവെന്ന് ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു,” ട്രംപ് വെള്ളിയാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി. 2024 അവസാനത്തോടെ ബാഷർ അൽ-അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം രൂപീകരിച്ച സിറിയൻ സർക്കാർ, യുഎസ് സൈനിക നടപടിയെ “പൂർണ്ണമായും പിന്തുണയ്ക്കുന്നു” എന്നും ട്രംപ് പറഞ്ഞു.
ട്രംപ് പറഞ്ഞത് അടിവരയിടുന്ന തരത്തിൽ സിറിയയുടെ വിദേശകാര്യ മന്ത്രാലയവും ഇസ്ലാമിക് സേറ്റ് ഭീകരവാദികൾക്കെതിരെ പോരാടുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് പ്രതികരണം നടത്തിയിട്ടുണ്ട്. “സിറിയൻ അറബ് റിപ്പബ്ലിക് ഐ.എസ്.ഐ.എസിനെതിരെ പോരാടുന്നതിനും സിറിയൻ പ്രദേശത്ത് സുരക്ഷിത താവളങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഉറച്ച പ്രതിബദ്ധത ആവർത്തിക്കുന്നു, കൂടാതെ അത് ഭീഷണി ഉയർത്തുന്നിടത്തെല്ലാം അവർക്കെതിരെ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കുന്നത് തുടരും,” മന്ത്രാലയം എക്‌സിലൂടെ പ്രതികരിച്ചു.
ഐ.എസ്.ഐ.എസ് തീവ്രവാദികൾ, അടിസ്ഥാന സൗകര്യങ്ങൾ, ആയുധ കേന്ദ്രങ്ങൾ” എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു, തിരിച്ചടി നൽകുന്ന ഓപ്പറേഷന് ഓപ്പറേഷൻ ഹോക് ഐ സ്ട്രൈക്ക് (Operation Hawkeye Strike) എന്ന് പേരിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. “ഇത് ഒരു യുദ്ധത്തിന്റെ തുടക്കമല്ല – ഇത് പ്രതികാര പ്രഖ്യാപനമാണ്, ഇന്ന്, ഞങ്ങൾ നമ്മുടെ ശത്രുക്കളെ വേട്ടയാടി കൊന്നു. അവരിൽ പലരെയും. ഞങ്ങൾ തുടരും.”- ഹെഗ്‌സെത്ത് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മധ്യ സിറിയയിലുടനീളമുള്ള ഡസൻ കണക്കിന് ഐഎസ്ഐഎൽ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്ന് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ രണ്ട് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

