വാഷിങ്ടൺ : ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവയ്പിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം. ന്യൂ ഹാംഷെയറിലെ ഒരു സംഭരണശാലയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പിനും തിങ്കളാഴ്ച ബ്രൂക്ക്‌ലൈനിലെ വീട്ടിൽ വെച്ച് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസറെ വെടിവച്ചു കൊന്നതിനും ഇയാൾ ഉത്തരവാദിയാണെന്ന് കരുതുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് വെടിവയ്പ്പുകളും തമ്മിൽ ബന്ധമുണ്ടോയെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ച ബ്രൗൺ സർവകലാശാലയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പിന് രണ്ട് ദിവസത്തിന് ശേഷം ബോസ്റ്റണിനടുത്ത് എംഐടി പ്രൊഫസർ നുനോ എഫ്ജി ലൂറീറോയും വെടിയേറ്റ് മരിച്ചു. രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

