തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച ഹൈകോടതി ഉത്തരവിലൂടെ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.ഐ.ടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫിസ് അനാവശ്യ സമ്മർദം ചെലുത്തുകയാണ്. അതുകൊണ്ടാണ് അന്വേഷണം മന്ദഗതിയിലേക്ക് പോയത്. അന്വേഷണത്തിന്‍റെ സ്പീഡ് കുറയാൻ കാരണം ഇതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ദേവസ്വം ബോർഡ് അംഗങ്ങളെ അറസ്റ്റ് ചെയ്തില്ല, അവരെ പ്രതി ചേർത്തില്ല, വൻ സ്രാവുകളിലേക്ക് നീങ്ങിയില്ല എന്നിങ്ങനെയാണ് ഹൈകോടതി പറഞ്ഞത്. തെരഞ്ഞെടുപ്പ് സി.പി.എം പ്രതികൂട്ടിലാകുമെന്ന് അറിയാവുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് അനാവശ്യമായി എസ്.ഐ.ടിക്ക് മീതെ സമ്മർദം ചെലുത്തിയത്. എന്നാൽ, പ്രതിപക്ഷ എസ്.ഐ.ടിയിൽ സംശയം ഉന്നയിച്ചിട്ടില്ല. ഹൈകോടതി നിയോഗിച്ച മികച്ച ഉദ്യോഗസ്ഥരുടെ ടീം ആണ്. കോടതി ആഗ്രഹിക്കുന്ന പോലെ എസ്.ഐ.ടി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് കരുതുന്നത്.
സ്വർണക്കൊള്ളയിൽ വൻതുക കൈമാറ്റം ചെയ്തിട്ടുണ്ട്. രാജ്യാന്തര റാക്കറ്റ് ഇതിന്‍റെ പിന്നിലുണ്ട്. കേസിൽ അന്തർ സംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രതിപക്ഷ ഉന്നയിച്ച് എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് മുന്‍ ദേവസ്വം മന്ത്രിയെ ഉടൻ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
അന്വേഷണം ഇപ്പോഴും വന്‍തോക്കുകളിലേക്ക് എത്തിയിട്ടില്ല. ദ്വാരപാലക ശിൽപം ചെന്നൈയിൽ എത്താൻ ഒരു മാസവും ഒമ്പത് ദിവസവും വൈകിയത് എന്തു കൊണ്ടാണും വ്യാജനുണ്ടാക്കാൻ ആയിരിക്കുമെന്നും ആദ്യം സംശയം ഉന്നയിച്ചത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിന്‍റെ സംശയം ഹൈകോടതി പിന്നീട് ശരിവെച്ചെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

