വാഷിംഗ്ടൺ: ഈ വർഷം ജനുവരി 29-ന് പൊട്ടോമാക് നദിക്ക് മുകളിൽ നടന്ന വിമാനാപകടത്തിൽ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ സമ്മതിച്ച് യുഎസ് സർക്കാർ. കരസേനയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിലെ പൈലറ്റുമാരും റീഗൻ നാഷണൽ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോളറും വരുത്തിയ പിഴവുകളാണ് ദുരന്തത്തിന് കാരണമായതെന്ന് ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ ആകാശത്തുവെച്ചുള്ള കൂട്ടിയിടി 67 പേരായിരുന്നു കൊല്ലപ്പെട്ടത്.
അമേരിക്കൻ ഈഗിൾ വിമാനത്തിൽ മരിച്ച ഒരു യാത്രക്കാരന്റെ കുടുംബം നൽകിയ സിവിൽ കേസിലാണ് സർക്കാരിന്റെ ഈ നിർണ്ണായകമായ വെളിപ്പെടുത്തൽ. തങ്ങളുടെ കടമയിൽ സർക്കാർ വീഴ്ച വരുത്തിയിട്ടുണ്ട് എന്ന് 209 പേജുള്ള കോടതി രേഖകളിൽ പറയുന്നു. ഇതോടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിനായി നിയമപരമായി നീങ്ങാൻ വഴിതെളിഞ്ഞു. അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് സ്വതന്ത്രമായ അന്വേഷണം തുടരുന്നതിനിടെ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഏറ്റുപറച്ചിൽ അപ്രതീക്ഷിതമാണ്.
റീഗൻ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ തുടങ്ങുകയായിരുന്ന അമേരിക്കൻ ഈഗിൾ വിമാനത്തിൽ നിന്ന് നിശ്ചിത അകലം പാലിച്ച് പറക്കാമെന്ന് സൈനിക ഉദ്യോഗസ്ഥർ എയർ ട്രാഫിക് കൺട്രോൾ ടവറിൽ അറിയിച്ചിരുന്നു. എന്നാൽ വിമാനം കൃത്യമായി നിരീക്ഷിക്കുന്നതിലും സുരക്ഷിതമായ അകലം പാലിക്കുന്നതിലും പൈലറ്റുമാർ പരാജയപ്പെട്ടുവെന്ന് സർക്കാർ സമ്മതിച്ചു. കൂടാതെ, ടവറിലുണ്ടായിരുന്ന കൺട്രോളർ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

