Thursday, December 18, 2025
HomeNews‘പോറ്റിയേ കേറ്റിയേ...’ ഗാനത്തിനെതിരെ പോലീസ് കേസ്: പാരഡിപ്പാട്ടിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് കൂട്ടത്തോടെ പിൻവലിക്കപ്പെടുന്നു

‘പോറ്റിയേ കേറ്റിയേ…’ ഗാനത്തിനെതിരെ പോലീസ് കേസ്: പാരഡിപ്പാട്ടിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് കൂട്ടത്തോടെ പിൻവലിക്കപ്പെടുന്നു

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിപ്പിച്ച ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡിപ്പാട്ടിന്‍റെ വിഡിയോ കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു. പാരഡിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ളവരുടെ ചിത്രംവെച്ച വിഡിയോകൾ പിൻവലിക്കപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്തവരുടെ വിവരം പൊലീസ് ശേഖരിച്ചിരുന്നു.

അതേസമയം, പാരഡിപ്പാട്ടിനെതിരായ പരാതി സൈബർ ഓപറേഷൻ വിങ്ങാണ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടർന്ന് കേരള പൊലീസിന്റെ സൈബർ ഓപറേഷൻ വിങ്ങിനോട് പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പി ആവശ്യപ്പെട്ടു. പാട്ടിൽ അപകീർത്തികരമായ പരാമർശങ്ങളുണ്ടോ? ഉണ്ടെങ്കിൽ ഏത് വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പറ്റും തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ഈ റിപ്പോർട്ടിന്‍റെയും നിയമോപദേശത്തിന്‍റെയും അടിസ്ഥാനത്തിലേ കേസെടുക്കൂ.

അതേസമയം, തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും​ തിരിച്ചടിയായി മാറിയെന്ന്​ വിലയിരുത്തിയ ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്‍റെ അണിയറ ശിൽപ്പികൾക്കെതിരെ പൊലീസ് കേസെടുത്തു​. പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ്​ സൈബർ പൊലീസ് കേസെടുത്തത്​.

ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിങ്ങനെ നാലുപേരെ പ്രതി ചേർത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രസാദിന്‍റെ പരാതിയിൽ ഗാനരചയിതാവിന്‍റെ പേര്​ കുഞ്ഞുപിള്ള എന്ന്​ രേഖപ്പെടുത്തിയതിനാൽ എഫ്​.ഐ.ആറിലും അതുതന്നെയാണ്​ ​ചേർത്തത്​. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തി മതസൗഹാർദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിർമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

നവമാധ്യമങ്ങൾ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിർമിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തർക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തി കേസെടുത്തത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടർന്ന് കേരള പൊലീസിന്റെ സൈബർ ഓപറേഷൻ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അയ്യപ്പന്‍റെ പേര് പരാമർശിക്കുന്നെന്ന കാരണം നിരത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പാട്ട്​ ചട്ടലംഘനമാണെന്ന്​ ചൂണ്ടിക്കാട്ടി തെ​രഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകാൻ തീരുമാനിച്ചതായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജുു എബ്രഹാം അറിയിച്ചിരുന്നു. പിന്നാലെയാണ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തത്​.

അതിനിടെ, തദ്ദേശതെരഞ്ഞെടുപ്പിലും വിജയാരവത്തിലും നിറഞ്ഞുനിന്ന പാരഡിഗാനത്തിനെതിരെയാണ് സി.പി.എം തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കുക. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്നു കാട്ടി പരാതി നൽകാനാണ്​ നീക്കം. തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ ഇത്​ ചട്ടലംഘനമെന്നും കമീഷനെ സമീപിക്കുമെന്നും​ സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.

‘പാരഡി പാട്ടുകൾക്ക്​ സി.പി.എം എതിരല്ല. എന്നാൽ, മതചിഹ്ന ഉപയോഗിച്ചത്​ നിയമവിരുദ്ധമാണ്​. ഹൈന്ദവസംഘടനകൾ തന്നെ അയ്യപ്പന്‍റെ പേര്​ ഉപയോഗിച്ചതിനെതിരെ പരാതി നൽകിയിട്ടുണ്ട്​.’ -അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പരാതി നൽകിയ തിരുവാഭരണ പാത സംരക്ഷണ സമിതിയുമായി പാർട്ടിക്ക്​ ബന്ധമുണ്ടെന്ന ആക്ഷേപം രാജു എബ്രഹാം തള്ളി.സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷം കമീഷനെ സമീപിക്കാനാണ്​ ആലോചന. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടാകും നിർണായകമാകുക. നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് സി.പി.എം നീക്കമെന്നാണ്​ സൂചന. വിഷയം വിവാദമായതോടെ കൂടുതൽപേർ പാട്ട്​ കാണാൻ ഇടയായെന്ന ആക്ഷേപവും പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ട്​​.

അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നൽകിയതോടെയാണ്​ പാട്ട്​ ചർച്ചകളിൽ നിറയുന്നത്​. ഇത്​ തുടർനടപടികൾക്കായി എ.ഡി.ജി.പിക്ക് കൈമാറി. ഇതിൽ കേസെടുത്തേക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ്​, സി.പി.എം പാട്ടിനെതിരെ രംഗത്തെത്തിയത്​.അതേസമയം, കേസെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവും ശക്തമാണ്​. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സി.പി.എം നീക്കം ഇരട്ടത്താപ്പാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

‘പളളിക്കെട്ട് ശബരിമലക്ക്’​ എന്ന ഗാനത്തിന് പാരഡിയായി മുമ്പ്​ കലാഭവന്‍ മണിയും നാദിര്‍ഷയും ചേര്‍ന്ന് പാടിയ ഗാനവും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്​. കോൺഗ്രസ്​ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരായ ആക്ഷേപം നിറഞ്ഞുനിന്ന ഈ ഗാനം പാർട്ടി ചാനലിൽ സംപ്രേക്ഷണം ചെയ്തതും ചർച്ചയാണ്​.

സി.പി.എം നിലപാടിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ വിഷയം​ രാഷ്ട്രീയ വിവാദവുമായി മാറി. പ്രചാരണഗാനത്തിനെതിരെ സി.പി.എം പരാതിയുമായി പോകുന്നത് പരാഡിയേക്കാൾ വലിയ കോമഡിയാണെന്ന്​ പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ഇന്നലെവരെ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞവരാണ്. ഒരു പാട്ടിനെ പേടിക്കുന്ന ദുർബലമായ പാർട്ടിയായി സി.പി.എം മാറിയോയെന്നും വിഷ്ണുനാഥ് ചോദിച്ചു.

‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡിഗാനത്തിനെതിരായ പരാതിക്ക്​ പിന്നിൽ അയ്യപ്പഭക്​തിയല്ല, രാഷ്ട്രീയലക്ഷ്യമാണെന്ന്​ തിരുവാഭരണപാത സംരക്ഷണസമിതി വ്യക്തമാക്കി. ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ്​ പരാതിയെന്ന്​ സമിതി ചെയർമാൻ അഡ്വ. കെ. ഹരിദാസും ജനറൽ കൺവീനർ ജി. രജീഷും വാർത്തസമ്മേളനത്തിൽ പറഞ്ഞു. അയ്യപ്പഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാട്ടി ഡി.ജി.പിക്ക് പരാതി നൽകിയ പ്രസാദ് കുഴികാല നാലുവർഷം മുമ്പ്​ സംഘടനയിൽനിന്ന്​ പുറത്തുപോയ​യാളാണെന്നും ഹരിദാസ്​ വ്യക്​തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments