കീവ് : റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ച് തകർത്തെന്ന് യുക്രെയ്ൻ. കരിങ്കടൽ തീരത്തെ റഷ്യൻ ശക്തികേന്ദ്രമായ നോവോറോസിസ്കിലെ അനേകം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്. 52 നാവികർ മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നതായാണ് സൂചന. യുക്രെയ്‌ന്റെ വാദം ശരിയെങ്കിൽ ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ആക്രമണമാണിത്.
യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. തങ്ങളുടെ വാദം സ്ഥിരീകരിക്കാൻ ഇതിന്റെ വിഡിയോയും യുക്രെയ്ൻ പുറത്തുവിട്ടു. റഷ്യൻ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണ്. ഈ ഡ്രോണിനെപ്പറ്റി പരിമിതമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു.
അതേസമയം, യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മുങ്ങിക്കപ്പൽ തകർന്നില്ലെന്നാണു വാദം.

