ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധിജി കുടുംബത്തിന് ഡൽഹി കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള അഞ്ചുപേർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ കുറ്റപത്രം പരിഗണിക്കാൻ ഡൽഹി കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച് കുറ്റപ്പത്രത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു കോടതി.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന കേസാണ് നാഷണൽ ഹെറാൾഡിൻ്റെ പേരിലുള്ളത്. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രമെന്നും കേസിൽ എഫ്ഐആർ എടുത്തിട്ടില്ലെന്നും ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസിൽ ഇതിനകം ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ, ഇഡിയുടെ വാദത്തിൽ ഇപ്പോൾ വിധി പറയുന്നത് ‘അകാലവും വിവേകശൂന്യവു’മാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പറഞ്ഞ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് വഞ്ചനാപരമായി ഏറ്റെടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് കാട്ടി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് വിദേശ യൂണിറ്റ് മേധാവി സാം പിത്രോദ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു.

