ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ കനത്ത പുകമഞ്ഞ് കാരണം ലയണൽ മെസ്സിയുടെ യാത്ര വൈകിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടക്കാനിരുന്ന കൂടികാഴ്ച റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്നും തലസ്ഥാനത്ത് എത്തേണ്ടിയിരുന്നു മെസ്സിയും സംഘവും മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഇതോടെ, മെസ്സിയും പ്രധാനമന്ത്രിയും തമ്മിലെ കൂടികാഴ്ച അവസാന നിമിഷം റദ്ദാക്കി. 21 മിനിറ്റ് കൂടികാഴ്ചനടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇതിനനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോകോളും തയ്യാറാക്കി. എന്നാൽ,ജോർഡൻ, ഇത്യോപ്യ, ഒമാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി പുറപ്പെടുന്നതിനാൽ കൂടികാഴ്ച റദ്ദാക്കുകയായിരുന്നു
രണ്ടു ദിവസംകൊണ്ട് മൂന്ന് നഗരങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ഫുട്ബാൾ ഇതിഹാസം രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെത്തിയത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ നഗരങ്ങളിലെ ഗോട്ട് ടൂർ പൂർത്തിയാക്കിയാണ് മെസ്സിയും കൂട്ടുകാരും തിങ്കളാഴ്ച ഉച്ചോയടെ ന്യൂഡൽഹിയിലെത്തിയത്. രാവിലെ ഒമ്പതിന് മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ, ഡൽഹിയിലെ വായുമലിനീകരണ പ്രശ്നങ്ങൾ വിമാന യാത്രക്ക് തിരിച്ചടിയായതോടെ ഫുട്ബാൾ ഇതിഹാസത്തിന്റെ പുറപ്പെടൽ അനിശ്ചിതമായി വൈകി. കനത്ത പുകമഞ്ഞ് കാരണം തിങ്കളാഴ്ച ഡൽഹിയിൽ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതോടെ മൂന്ന് മണിക്കൂർ വൈകിയാണ് മെസ്സിയുടെ വിമാനം മുംബൈയിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടത്.
വൈകുന്നേരം ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ട പരിപാടി 40 മിനിറ്റ് വൈകിയാണ് ആരംഭിക്കുക. ലയണൽ മെസ്സി, ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരെ കാണാൻ പതിനായിരങ്ങളാണ് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി, ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, അർജന്റീന അംബാസഡർ ഉൾപ്പെടെ പ്രധാനികൾ മെസ്സിയെ കാണും.കൊൽക്കത്ത സാൾട്ട് ലേകിൽ നടക്കേണ്ടിയിരുന്നു പരിപാടി അലങ്കോലമായ പശ്ചാത്തലത്തിൽ വൻസുരക്ഷാ സന്നാഹമാണ് ന്യൂഡൽഹിയിൽ ഒരുക്കിയത്.

