ചൈനീസ് ബിസിനസ് പ്രൊഫഷണലുകൾക്കുള്ള വിസകൾ വേഗത്തിൽ നൽകാൻ നടപടി ശക്തമാക്കി ഇന്ത്യ. വർഷങ്ങളോളം നീണ്ടുനിന്ന അധിക പരിശോധനാപ്രക്രിയകൾ ഒഴിവാക്കിയതോടെ, ഇപ്പോൾ വിസയ്ക്കുള്ള അനുമതി ഒരു മാസത്തിനകം ലഭിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കത്തിന്റെ ലക്ഷ്യം ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, വിസ വൈകിയതിനെ തുടർന്ന് വ്യവസായങ്ങൾക്ക് ഉണ്ടായ വൻനഷ്ടം പരിഹരിക്കുകയുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പുതിയ മാറ്റം ചൈനീസ് ടെക്‌നീഷ്യൻമാരെയും ഉപകരണങ്ങളെയും ആശ്രയിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് വൻ സഹായമാകും.ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുമായി ബന്ധം പുനർനിർമിക്കാൻ സൂക്ഷ്മമായി പ്രവർത്തിക്കുന്ന സമയത്താണ് ഈ തീരുമാനം വരുന്നതെന്നാണ്. എന്നാൽ വിസ ഇളവുകളെക്കുറിച്ച് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.2020-ലെ ഗാൽവാൻ സംഭവത്തിന് ശേഷം ചൈനീസ് പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പല മന്ത്രാലയങ്ങളും നടത്തുന്ന സൂക്ഷ്മ പരിശോധനകൾ കാരണം ബിസിനസ് വിസകളുടെ അനുമതിക്കായി മാസങ്ങളോളം കാലതാമസം ഉണ്ടായിരുന്നു. ഈ തടസ്സങ്ങൾ എല്ലാം നീക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
“അഡ്മിനിസ്ട്രേറ്റീവ് പരിശോധന പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ ബിസിനസ് വിസകൾ നാല് ആഴ്ചയ്ക്കുള്ളിൽ അനുവദിക്കുന്നു,”വെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. Observer Research Foundation–ന്റെ കണക്കുകൾ പ്രകാരം ആവശ്യമായ ചൈനീസ് വിദഗ്ധരെ കൊണ്ടുവരാൻ സാധിക്കാതെ കഴിഞ്ഞ നാല് വർഷത്തിൽ ഇന്ത്യയ്ക്ക് ഏകദേശം 15 ബില്യൺ ഡോളറിൻ്റെ ഉൽപാദന നഷ്ടമുണ്ടായി. ഷവോമി പോലുള്ള കമ്പനികൾക്കും വിസ തടസ്സം കാരണം പലതവണ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
ഏഴ് വർഷത്തിന് ശേഷമുള്ള മോദിയുടെ ചൈന സന്ദർശനത്തിനുശേഷമാണ് ഈ മാറ്റങ്ങൾ വന്നത്. ജിൻപിംങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. 2020 മുതൽ നിർത്തിവെച്ചിരുന്ന രണ്ട് രാജ്യങ്ങൾ തമ്മിലെ നേരിട്ടുള്ള വിമാന സർവീസുകളും വീണ്ടും ആരംഭിച്ചു. അമേരിക്ക ചുമത്തിയ അപ്രതീക്ഷിത തീരുവകളും ഇന്ത്യയെ വിദേശനയത്തിൽ പുനഃക്രമീകരണത്തിലേക്ക് നയിച്ചു.
ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് തീരുവ ചുമത്തിയതോടെ ഇന്ത്യ ചൈനയുമായുള്ള ബന്ധം പുതുക്കാനും, റഷ്യയുമായി സഹകരണം വർധിപ്പിക്കാനും, അതോടൊപ്പം അമേരിക്കയുമായുള്ള വ്യാപാരചർച്ചകൾ തുടർക്കൊണ്ടുപോകാനുമുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

