കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികളെയും 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. പള്‍സര്‍ സുനി എന്ന എന്‍.എസ്. സുനില്‍ (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് കഠിന തടവിന് ശിക്ഷിച്ചത്.
പ്രതികൾ 50,000 രൂപ പിഴയും അടക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അതിജീവിതക്ക് അഞ്ചു ലക്ഷം രൂപ പിഴ തുകയിൽനിന്ന് നൽകാനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി സുനിലിന് ഐ.ടി ആക്ട് പ്രകാരം അഞ്ചു വർഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. എന്നാൽ, ഇത് 20 വർഷത്തെ കഠിന തടവിനൊപ്പം അനുഭവിച്ചാൽ മതി. ആറു പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്ക് താൽക്കാലിക അന്ത്യം കുറിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്. കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. റിമാന്‍ഡ് തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. പൾസർ സുനി ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ ബാക്കി പന്ത്രണ്ടര വർഷം കൂടി തടവ് അനുഭവിച്ചാൽ മതി. രണ്ടാം പ്രതി മാര്‍ട്ടിൻ 13 വര്‍ഷം തടവില്‍ കഴിയണം. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പരോളും അവധി ദിവസങ്ങളും കുറക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരും.
ശിക്ഷാ വിധി കേട്ട് പ്രതികളെല്ലാം കോടതിയിൽ പൊട്ടിക്കരഞ്ഞു. അതിജീവിതക്ക് മോതിരം തിരികെ നൽകണമെന്നും ആക്രമണ ദൃശ്യം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കോടതി നിർദേശം നൽകി. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
നേരത്തെ, അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മുഖ്യപ്രതിയായ പൾസർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ച ആറാം പ്രതിയായ പ്രദീപ് കോടതി മുറിയിൽ വിങ്ങിപ്പൊട്ടി. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും രണ്ടാം പ്രതിയായ മാർട്ടിൻ പറഞ്ഞു. തന്‍റെ പേരിൽ മുമ്പ് ഒരു പെറ്റിക്കേസ് പോലുമില്ലെന്നും മാർട്ടിൻ വ്യക്തമാക്കി.ഗൂഢാലോചനിൽ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതി മണികണ്ഠൻ വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവ് നൽകണമെന്നും മണികണ്ഠൻ പറഞ്ഞു. കോടതിക്ക് പുറത്തുവെച്ച് മണികണ്ഠൻ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശ്ശേരിയിലാണെന്നും കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കാൻ അനുവദിക്കണമെന്നും നാലാം പ്രതി വിജീഷും തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതി വടിവാൾ സലിം പറഞ്ഞു.
കേസിൽ എട്ടാം പ്രതി നടൻ ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. വിചാരണ നേരിട്ട ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂർ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടിൽ ചാർളി തോമസ് (50), പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്നേഹ ഭവനത്തിൽ സനിൽ കുമാർ എന്ന മേസ്തിരി സനൽ (48), ദിലീപിന്‍റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരെയാണ് വെറുതെവിട്ടത്. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു
2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. നടി സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നു. ദേശീയപാതയിൽ നെടുമ്പാശ്ശേരി വിമാനത്താവള ജങ്ഷൻ കഴിഞ്ഞപ്പോൾ പിന്നാലെയെത്തിയ ട്രാവലർ നടി സഞ്ചരിച്ചിരുന്ന ഔഡി കാറിൽ ചെറുതായൊന്ന് ഇടിപ്പിച്ചു.പുറയാർ ഭാഗത്ത് എത്തിയപ്പോൾ ട്രാവലർ കുറുകെയിട്ട് അതിൽ നിന്ന് രണ്ടുപേർ നടിയുടെ കാറിൽ കയറി. രണ്ടു മണിക്കൂറോളം പലവഴികളിലൂടെ കറങ്ങിയ വാഹനത്തിൽ അക്രമികൾ നടിയെ ഉപദ്രവിച്ചു.
പാലാരിവട്ടംവരെ ദേശീയപാതയിൽ നിന്ന് മാറി ആളൊഴിഞ്ഞ ഉൾവഴികളിലൂടെയായിരുന്നു സഞ്ചാരം. അർധരാത്രി കാക്കനാട് ഭാഗത്ത് നടനും സംവിധായകനുമായ ലാലിന്‍റെ വീടിന് മുന്നിൽ നടിയെ ഉപേക്ഷിച്ച് അക്രമികൾ കടന്നു.ഭയന്നുവിറച്ച നടി ലാലിന്‍റെ വീട്ടിൽ അഭയം തേടി. ലാൽ അറിയിച്ചതനുസരിച്ച് ഐ.ജി പി. വിജയന്‍റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര, അസി. കമീഷണർ എം. ബിനോയി എന്നിവർ സ്ഥലത്തെത്തി നടിയുടെ മൊഴിയെടുത്തു. വിവരമറിഞ്ഞെത്തിയ അന്നത്തെ സ്ഥലം എം.എൽ.എ പി.ടി. തോമസിന്‍റെ ഇടപെടൽ നടപടിക്ക് വേഗം കൂട്ടി.
രാത്രി തന്നെ തിരച്ചിൽ ഊർജിതമാക്കിയ പൊലീസ്, പ്രതികൾ സഞ്ചരിച്ച ട്രാവലർ തമ്മനം-പുല്ലേപ്പടി റോഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. മലയാള സിനിമ ലോകത്തെ ഞെട്ടിച്ച സംഭവം അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി ദിനേന്ദ്ര കശ്യപിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു.
തൊട്ടടുത്ത ദിവസങ്ങളിൽ ഡ്രൈവർ മാർട്ടിൻ ആന്‍റണി, ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ അറസ്റ്റിലായി. ഫെബ്രുവരി 23ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനെത്തിയ മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽ കുമാർ (പൾസർ സുനി), കൂട്ടാളി തലശ്ശേരി സ്വദേശി വിജീഷ് എന്നിവരെ കോടതിമുറിയിൽ നിന്ന് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

