Friday, December 12, 2025
HomeNewsസിം ബൈന്‍ഡിങ് ചട്ടങ്ങള്‍ക്ക് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേന്റെ പിന്തുണ

സിം ബൈന്‍ഡിങ് ചട്ടങ്ങള്‍ക്ക് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേന്റെ പിന്തുണ

കേന്ദ്രസര്‍ക്കാരിന്റെ സിം ബൈന്‍ഡിങ് ചട്ടങ്ങള്‍ക്ക് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ (സിഒഎഐ) പിന്തുണ. ടെലികോം കമ്പനികളായ വോഡഫോണ്‍ ഐഡിയ, ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഉള്‍പ്പടെ അംഗങ്ങളായ സംഘടനയാണ് സിഒഎഐ. വാട്‌സാപ്പ്, ടെലഗ്രാം പോലുള്ള ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ തടസമില്ലാതെ ഉപയോഗിക്കാന്‍ ഉപകരണങ്ങളില്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് പുതിയ സിം ബൈന്‍ഡിങ് നിയമങ്ങള്‍ പറയുന്നു. 

വാട്‌സാപ്പ് നാല് ഉപകരണങ്ങളില്‍ വരെ ഒരേ സമയം ലോഗിന്‍ ചെയ്യാനാവും. അധികമായി ലോഗിന്‍ ചെയ്യുന്ന ഉപകരണങ്ങളെ കമ്പാനിയന്‍ ഡിവൈസ് എന്നാണ് വിളിക്കുക. ഈ കമ്പാനിയന്‍ ഡിവൈസുകളില്‍ സിം കാര്‍ഡ് ഉണ്ടായിരിക്കണം എന്നാണ് പുതിയ ചട്ടം പറയുന്നത്. അല്ലാത്തപക്ഷം ഓരോ ആറ് മണിക്കൂറിന് ശേഷവും കമ്പാനിയന്‍ ഡിവൈസില്‍ നിന്ന് അക്കൗണ്ട് ലോഗ് ഔട്ട് ആവും. അതായത് ആറ് മണിക്കൂറിന് ശേഷം വീണ്ടും ലോഗിന്‍ ചെയ്യണം.

വാട്‌സാപ്പ് ബിസിനസ് ആപ്പ് പോലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒന്നിലധികം ഡിവൈസുകളില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുമ്പോള്‍ ഈ നിയമം വലിയ അസൗകര്യമാണ്. പ്രത്യേകിച്ചും സിം കാര്‍ഡ് ഇടാന്‍ സാധിക്കാത്ത ഡെസ്‌ക്ടോപ്പ് പിസികളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍. ഈ തീരുമാനത്തിനെതിരെ ഉപഭോക്താക്കളില്‍ നിന്ന് ഇതിനകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ സിഒഎഐ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. ഇത് അത്യാവശ്യമായ സുരക്ഷാ സംവിധാനമാണെന്ന് സംഘടന പറയുന്നു. ‘ഇന്ത്യയ്ക്ക് പുറത്തുനിന്നും അകത്ത് നിന്നുമുള്ള ദുരുപയോഗം തടയുന്നതിനും, ഇന്ത്യന്‍ വരിക്കാരെ വഞ്ചിക്കുന്നതിനോ രാജ്യത്തിന് സുരക്ഷാ ദോഷം വരുത്തുന്നതിനോ ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര നീക്കങ്ങളെ നിയന്ത്രിക്കുന്നതിനും കണ്ടെത്താനാകാത്ത തട്ടിപ്പുകള്‍ തടയുന്നതിനും ഇത് പ്രധാനമാണ്. നമ്മുടെ ആശയവിനിമയോപാധികള്‍ രാജ്യത്തിന് പുറത്ത് നിന്ന് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഇത് ഉറപ്പാക്കും.’ സംഘടന പറഞ്ഞു. സിം ബൈന്‍ഡിങ് നിയമങ്ങള്‍ മുന്‍കാലങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള പല പഴുതുകളും അടയ്ക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് സിഒഎഐ പറഞ്ഞു. ഇതില്‍ ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ വഴി ഡാറ്റ ശേഖരിക്കുകയോ പുതിയ മെറ്റാഡാറ്റ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. ഒതന്റിക്കേഷന്‍ പ്രക്രിയകളിലൂടെ ഉപഭോക്താവിന്റെ സിംകാര്‍ഡ് ഡിവൈസില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകമാത്രമാണ് ചെയ്യുന്നത്. യുപിഐ ആപ്പുകളില്‍ സമാനമായ രീതി ഇതിനകം പരീക്ഷിച്ചതാണ്. ഇത് ഉപഭോക്താവിന്റെ സ്വകാര്യത ഹനിക്കാതെ സുരക്ഷ വര്‍ധിപ്പിക്കുന്നു- സംഘടന കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments