വാഷിംഗ്ടൺ: ജനുവരിയിൽ അധികാരത്തിലേറിയതുമുതൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ശക്തമായി മുന്നോട്ടുപോകുകയാണ്. 2026 ൽ ട്രംപ് ഭരണകൂടം കുടിയേറ്റ വിരുദ്ധ അജണ്ടയിൽ വലിയ പങ്കുവഹിക്കാൻ പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ട് വരുന്നു.
കോൺഗ്രസിൽ നിന്ന് വൻതോതിലുള്ള ഫണ്ടിംഗ് വർദ്ധനവ് ലഭിച്ചതിനെത്തുടർന്ന്, നാടുകടത്തൽ വിമാനങ്ങളായി ഉപയോഗിക്കുന്നതിനായി കുറഞ്ഞത് ആറ് ബോയിംഗ് 737 ജെറ്റുകൾ വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഏകദേശം 140 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു. നാടുകടത്തലിന് ചാർട്ടർ വിമാനങ്ങളെ ആശ്രയിക്കുന്നതിനുപകരം, ഡിഎച്ച്എസിന്റെ വിഭാഗമായ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ഐസിഇ) സ്വന്തം നാടുകടത്തൽ വിമാനങ്ങൾ ഉപയോഗിക്കാൻ ഇതിലൂടെ കഴിയും.
ട്രംപും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമും “ക്രിമിനലായ നിയമവിരുദ്ധ വിദേശികളെ നമ്മുടെ രാജ്യത്ത് നിന്ന് വേഗത്തിലും കാര്യക്ഷമമായും പുറത്താക്കാൻ പ്രതിജ്ഞാബദ്ധരാണ്” എന്നായിരുന്നു ഈ നീക്കത്തെക്കുറിച്ച് ഡിഎച്ച്എസ് വക്താവ് ട്രീഷ്യ മക്‌ലോഫ്‌ലിൻ പ്രതികരിച്ചത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ വിപുലമായ നികുതി ബില്ലിന്റെ ഭാഗമായി ടീം ട്രംപിന്റെ അതിർത്തി, കുടിയേറ്റ അജണ്ടയ്ക്കായി നാല് വർഷത്തേക്ക് കോൺഗ്രസ് 170 ബില്യൺ ഡോളറിനുള്ള അംഗീകാരം നൽകിയിരുന്നു.

