Sunday, January 25, 2026
HomeNewsഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള യു എൻ പ്രമേയത്തെ എതിർത്ത് ഇന്ത്യ: നന്ദി പറഞ്ഞ് ഇറാൻ

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള യു എൻ പ്രമേയത്തെ എതിർത്ത് ഇന്ത്യ: നന്ദി പറഞ്ഞ് ഇറാൻ

തെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ഇറാൻ അടിച്ചമർത്തിയതിനെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത് ഇന്ത്യ. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എന്നാൽ, 47 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്ത് പ്രമേയം പാസ്സാക്കി. 15 അംഗങ്ങള്‍ വിട്ടുനിന്നു.

തങ്ങൾക്കെതിരായ പ്രമേയത്തെ എതിർത്തതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇറാൻ രംഗത്തെത്തി. ഇന്ത്യൻ സർക്കാരിന്റെ നയപരവും ഉറച്ചതുമായ പിന്തുണക്ക് ഇറാന്‍റെ ആത്മാർഥമായ നന്ദി അറിയിക്കുന്നതായി ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ (യു.എൻ.എച്ച്.ആർ.സി) ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാനെ നയപരമായും ഉറച്ചും പിന്തുണക്കുന്നതിന് ഇന്ത്യാ സർക്കാറിന് എന്റെ ആത്മാർഥമായ നന്ദി അറിയിക്കുന്നു. നീതി, ദേശീയ പരമാധികാരം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ നിലപാട് പ്രതിഫലിപ്പിക്കുന്നത് -ഫത്താലി എക്‌സിൽ കുറിച്ചു.

ഇറാനിലെ പ്രക്ഷോഭത്തെ അക്രമാസക്തമായി അടിച്ചമർത്തുന്നതിനെ ശക്തമായി അപലപിക്കുന്നതാണ് യു.എൻ മനുഷ്യാവകാശ കൗൺസിൽ പാസാക്കിയ പ്രമേയം. ഡിസംബർ 28 മുതൽ ഇറാനിലെമ്പാടും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയെന്ന് പ്രമേയത്തിൽ പറയുന്നു.ഇറാനിലെ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ ദൗത്യത്തിന്റെ ചുമതല രണ്ട് വർഷത്തേക്ക് നീട്ടാനുള്ള പ്രമേയം യു.എൻ.എച്ച്.ആർ.സി അംഗീകരിച്ചു. പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുന്ന പശ്ചാത്തലത്തിൽ വസ്തുതാന്വേഷണ ദൗത്യത്തിന്റെ അടിയന്തര അന്വേഷണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വക്താവ് അബ്ദുൽ മജീദ് ഹക്കീം ഇല്ലാഹി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചബഹാർ തുറമുഖത്തിൽ ഇന്ത്യ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments