Sunday, January 25, 2026
HomeAmericaആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. കോർപ്പറേറ്റ് വിഭാഗത്തിലെ മുപ്പതിനായിരത്തോളം ജീവനക്കാരെ അടുത്തയാഴ്ചമുതൽ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒക്ടോബറിൽ 14000 പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

ചൊവ്വാഴ്ചയോടെ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. ആമസോൺ വെബ് സർവീസസ് (AWS), റീട്ടെയിൽ, പ്രൈം വീഡിയോ, ഹ്യൂമൻ റിസോഴ്സ് ‌എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുക. കമ്പനി ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

പതിവ് പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സോഫ്റ്റ്‌വെയറുകളുടെ കടന്നുവരവാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമെന്ന രീതിയിൽ ചർച്ചകൾ സജീവമാണ്. ഒക്ടോബറിലെ പിരിച്ചുവിടലിൽ എഐ സാങ്കേതിക വിദ്യകൾ കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ സാമ്പത്തിക ലാഭമോ എഐയുടെ കടന്നുവരവോ മാത്രമല്ല ഇതിന് പിന്നിലെന്നും കമ്പനിക്കുള്ളിലെ അനാവശ്യ അധികാര ശ്രേണികളെ ഒഴിവാക്കുകയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്നും സിഇഒ ആൻഡി ജാസി പിന്നീട് വ്യക്തമാക്കുകയും ചെയ്തു. എഐ കൂടുതൽ സ്വാധീനം ചെലുത്തുന്നതോടെ ഭാവിയിൽ കോർപ്പറേറ്റ് ജോലികളിൽ നിന്ന് കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടായേക്കും.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ആമസോണിന്റെ കഴിഞ്ഞ മുപ്പത് വർഷക്കാലത്തിനിടയിലെ ഏറ്റവും വലിയ പിരിച്ചുവിടൽ നടപടിയായിരിക്കും ഇത്. 2022 ൽ ഏകദേശം 27000 പേരെ കമ്പനി ഒഴിവാക്കിയിരന്നു. 15.8 ലക്ഷം ജീവനക്കാരുള്ള ആമസോണിലെ 18 ശതമാനത്തോളം പേരെ പുതിയ നടപടി ബാധിക്കും. ഒക്ടോബറിൽ പിരിച്ചുവിടപ്പെട്ടവർക്ക് കമ്പനി 90 ദിവസത്തെ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ഈ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് അടുത്തഘട്ട പിരിച്ചുവിടൽ വാർത്തകൾ വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments