ദുബായ് : മരം കോച്ചും തണുപ്പിൽ കമ്പിളിപ്പുതപ്പിനടയിലാണ് യുഎഇ. ഇങ്ങനൊരു തണുപ്പ് ഓർമയിലില്ലെന്ന് പ്രവാസികൾ പറയുന്നു. തണപ്പിനൊപ്പം നല്ല കാറ്റും. എസി ഇട്ടിട്ടു ഫാനിടുമ്പോലെ എല്ലാം തണുപ്പിച്ച് ആ കാറ്റ് അങ്ങനെ കടന്നു പോകുന്നു. ഇന്നലെ അത്യപൂർവ തണുപ്പാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ജബൽ ജെയ്സിൽ തണുപ്പ് പൂജ്യം ഡിഗ്രിക്കും താഴെയായി. മഞ്ഞുവീഴാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
കടുത്ത തണുപ്പിൽ ജാഗ്രത പാലിക്കണമെന്നു ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അഭ്യർഥിച്ചു.
അതേസമയം, യൂറോപ്പിനു സമാനമായ തണുപ്പ് ആസ്വദിക്കുകയാണ് പ്രവാസികൾ. കൂടുതൽ തണുപ്പു തേടി മലനിരകളിലേക്ക് പോകുന്നവരും കുറവല്ല. ചായക്കടകളിലും തിരക്ക് കൂടി. ചൈനീസ് റസ്റ്ററന്റുകളിൽ സൂപ്പ് കുടിക്കാൻ എത്തുന്നവരും കുറവല്ല. സ്വെറ്ററും ജാക്കറ്റും ഹുഡിയും ഓഫിസ് വേഷത്തിന്റെ ഭാഗമായി.
ഏറെക്കുറെ മഞ്ഞുകാല യൂറോപ്യൻ രീതികളിലാണ് ഇപ്പോൾ ഗൾഫ് നാടും. യുഎഇയിൽ മാത്രമല്ല, സൗദിയിലും കുവൈത്തിലും ഒമാനും ഖത്തറിലും ബഹ്റൈനിലുമെല്ലാം തണുപ്പാണ്. കുവൈത്തിൽ 4 ഡിഗ്രിക്കു താഴെയാണ് താപനില. ഇത് പല സ്ഥലങ്ങളിലും ഏറിയും കുറഞ്ഞും നിൽക്കും.
ലാ നിനാ പ്രതിഭാസത്തിന്റെ ഭാഗമായി ലോകമെമ്പാടുമുണ്ടാകുന്ന കാലാവസ്ഥ മാറ്റം തന്നെയാണ് ഗൾഫ് രാജ്യങ്ങളിലുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ലാ നിന പ്രതിഭാസത്തെ തുടർന്ന് ഭൂമിയുടെ മർദത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവുകയും കാറ്റിന്റെ രീതി മാറുകയും ചെയ്യുന്നു. ഇത് ചില പ്രദേശങ്ങളിൽ ശീതക്കാറ്റായി മാറുന്നതാണ് ഇപ്പോഴത്തെ തണുപ്പിന് കാരണമെന്നും വിദഗ്ധർ പറഞ്ഞു. രണ്ടു മൂന്നു ദിവസം കൂടി ഇതേ നില തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്
അതേസമയം നാളെ ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാം. മഴയ്ക്കു ശേഷം താപനിലയിൽ നേരിയ വർധനയുണ്ടാകാമെന്നും കരുതുന്നു. ഫെബ്രുവരി പകുതി വരെ താരതമ്യേന സുഖകരമായ കാലാവസ്ഥയാകും. രാവിലെയും വൈകുന്നേരവും തണുപ്പും പകൽ സമയങ്ങളിൽ സഹിക്കാവുന്ന ചൂടുമായിരിക്കും.

