ന്യൂഡൽഹി : ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായി പി.ആർ. ശ്രീജേഷ് നാളെ ചുമതലയേൽക്കും. പാരിസ് ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടത്തിനു പിന്നാലെ രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ച മലയാളി താരത്തെ ജൂനിയർ ടീമിന്റെ ഹോക്കി ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്യാംപിലെത്തി ശ്രീജേഷ് ചുമതലയേൽക്കുമെന്നാണു വിവരം.
ഇതിനൊപ്പം ഡിസംബർ ആരംഭിക്കുന്ന ഹോക്കി ഇന്ത്യ ലീഗിൽ (എച്ച്ഐഎൽ) ഡൽഹി ടീമിന്റെ ഡയറക്ടർ–മെന്റർ പദവികളിലും ശ്രീജേഷ് പ്രവർത്തിക്കും. 3 വർഷത്തേക്കാണു കരാർ. ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ കോച്ച് ഗ്രഹാം റീഡാണു ഡൽഹി ടീമിന്റെ പരിശീലകൻ. ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗ്രഹാം റീഡായിരുന്നു.