വാഷിങ്ടൻ : യുഎസിലെ മിയാമിയിൽ മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നേതാവായ ഐലീൻ ഹിഗിൻസിനു (61) അട്ടിമറിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി എമീലിയോ ഗൊൺസാലസിനെ തോൽപിച്ചാണു മൂന്നുദശകത്തിനുശേഷം മിയാമിയിൽ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്. നഗരത്തിന്റെ ആദ്യ വനിതാ മേയറാവും ഹിഗിൻസ്.
സ്പാനിഷ് സമൂഹത്തിനു ഭൂരിപക്ഷമുള്ള മിയാമിയിൽ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരെ ഉറച്ച നിലപാടാണു ഹിഗിൻസ് സ്വീകരിച്ചത്.)
മേയർ തിരഞ്ഞെടുപ്പിൽ ട്രംപിന് തുടർച്ചയായ രണ്ടാമത്തെ കനത്ത തിരിച്ചടിയാണിത്. യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി ട്രംപിന്റെ കടുത്ത വിമർശകനായ ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി (34) നവംബറിൽ ജയിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും കുമോയെ ആണ് ട്രംപ് പിന്തുണച്ചിരുന്നത്.

