വാഷിംഗ്ടൺ : പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (ഡോജ്) പദ്ധതി അൽപ്പം മാത്രമാണ് വിജയിച്ചത് എന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഈ പദ്ധതിക്ക് താൻ ഇനി നേതൃത്വം നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്‍റെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാന സാമ്പത്തിക സഹായം നൽകിയിരുന്ന മസ്‌ക്, അദ്ദേഹത്തിന്‍റെ ഭരണകൂടത്തിലെ ഒരു അടുത്ത സഖ്യകക്ഷിയും ഉപദേഷ്ടാവുമായിരുന്നു.
ട്രംപിന്‍റെ രണ്ടാമൂഴത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ, ഫെഡറൽ സർക്കാരിന്‍റെ ബജറ്റും ജീവനക്കാരെയും വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ട ഡോജ് ടീമിന് മസ്‌കാണ് നേതൃത്വം നൽകിയത്.എന്നാൽ ഈ പദവിയും മസ്‌കിന്‍റെ രാഷ്ട്രീയ പ്രസംഗങ്ങളും ടെസ്‌ല കാറുകൾക്ക് നേരെ ആക്രമണം ഉൾപ്പെടെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. “ഞാൻ ഡോജിന് നേതൃത്വം കൊടുക്കുന്നതിന് പകരം എൻ്റെ കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു എന്ന് കരുതുന്നു. എങ്കിൽ അവർ കാറുകൾ കത്തിക്കുകയില്ലായിരുന്നു,” മുൻ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥയായ കാറ്റി മില്ലറുമായുള്ള പോഡ്‌കാസ്റ്റിൽ മസ്‌ക് പറഞ്ഞു.
“ഞങ്ങൾ അൽപ്പം വിജയിച്ചു. ഞങ്ങൾ ചില കാര്യങ്ങളിൽ വിജയിച്ചു. അർത്ഥമില്ലാത്തതും പൂർണ്ണമായും പാഴാക്കലുമായിരുന്ന നിരവധി ഫണ്ടിംഗുകൾ ഞങ്ങൾ തടഞ്ഞു,” മസ്‌ക് അഭിപ്രായപ്പെട്ടു. ഡോജിന് വീണ്ടും നേതൃത്വം നൽകുമോ എന്ന ചോദ്യത്തിന് “ഇല്ല, എനിക്ക് തോന്നുന്നില്ല” എന്ന് മസ്ക് മറുപടി നൽകി. മസ്‌ക് ഡോജിന് വേണ്ടി പ്രവർത്തിച്ചത്, ടെസ്‌ലയുടെ വിൽപ്പന കുറയുന്നതിനിടയിൽ അദ്ദേഹം കമ്പനിയിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്ന ആശങ്ക നിക്ഷേപകർക്കിടയിൽ വളർത്താൻ കാരണമായിരുന്നു.

