ഫ്ലോറിഡാ : ഫ്‌ളോറിഡയിലെ ഒരു ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ചെറുവിമാനം ലാന്‍ഡ് ചെയ്യുന്ന വീഡിയോ ദൃശ്യം വൈറലാകുന്നു. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍സ്റ്റേറ്റ് 95-ല്‍ തിങ്കളാഴ്ച നടന്ന സംഭവം എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. യുഎസ് മാധ്യമങ്ങളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുകയും, കാറില്‍ ഇടിച്ച് റോഡിലേക്ക് നിരങ്ങിവീഴുകയും ചെയ്യുന്ന ഒരു ചെറിയ വിമാനത്തിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്.
ഒരു അടിയന്തര സാഹചര്യം ഉണ്ടായതോടെയാണ് വിമാനത്തിന് തിരക്കേറിയ ഹൈവേയിലേക്ക് അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വന്നതെന്ന് ബ്രെവാര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അതുവഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടൊയോട്ട കാമ്പ്രയ്ക്ക് മുകളിലേക്ക് ഇടിച്ച് റോഡിലേക്ക് നിരങ്ങി വീഴുകയായിരുന്നു വിമാനം.
കാര്‍ ഓടിച്ചിരുന്ന 57 വയസ്സുള്ള വ്യക്തിക്ക് പരിക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ല എന്നാണ് വിവരം. വിമാനത്തില്‍ ഉണ്ടായിരുന്ന 27-കാരായ പൈലറ്റും സഹയാത്രികനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി ഫ്‌ളോറിഡ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങിനെക്കുറിച്ചും അതിനെ തടര്‍ന്നുണ്ടായ കൂട്ടിയിടിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനവും കാറും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഐ-95-ലെ ഗതാഗതം താല്‍ക്കാലികമായി തടസ്സപ്പെട്ടു.

