ദോഹ: ഖത്തർ എയർവേസിന്റെ പുതിയ സി.ഇ.ഒ ആയി ഹമദ് അലി അൽ ഖാതറിനെ നിയമിച്ചതായി ഖത്തർ എയർവേയ്‌സ് ഗ്രൂപ് പ്രഖ്യാപിച്ചു. എൻജിനീയർ ബദർ മുഹമ്മദ് അൽ മീറിന് പിൻഗാമിയായാണ് അൽ ഖാതർ ചുമതലയേൽക്കുന്നത്. മുമ്പ് ദോഹ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിലെ ചീഫ് ഓപറേറ്റിങ് ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്നു.വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും, യാത്രക്കാർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കിയും പ്രവർത്തന മികവ് മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ഖത്തർ എനർജിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഹമദ് അലി അൽ ഖാതറിനെ സ്വാഗതം ചെയ്ത ഖത്തർ എയർവേസ് ഗ്രൂപ് ഡയറക്ടർ ബോർഡ് ചെയർമാൻ സാദ് ഷെരിദ അൽ കാബി, ഖത്തറിലും ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന ഖത്തർ എയർവേസ് ശക്തമായ അടിത്തറയും വിപുലമായ ആഗോള ശൃംഖലയിലും കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിച്ചു. നേതൃമാറ്റത്തോടെ, ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ലോകോത്തര അനുഭവങ്ങളും വിശ്വാസ്യതയും നൂതനത്വവും നൽകുന്നതിനുള്ള പ്രതിബദ്ധത ഖത്തർ എയർവേസ് വീണ്ടും ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

