കരക്കാസ്: കരീബിയൻ കടലിൽ അമേരിക്കൻ നാവിക സേനയുടെ സാന്നിധ്യം വർധിക്കുന്നതിനിടെ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മാഡുറോ കൂടുതൽ ഒറ്റപ്പെടുന്നതായി റിപ്പോർട്ട്. മേഖലയിലെ തങ്ങളുടെ രണ്ട് പ്രധാന സഖ്യകക്ഷികളായ ഹോണ്ടുറാസിലും സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസിലും നടന്ന തിരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത തിരിച്ചടിയാണ് മഡുറോയ്ക്ക് പുതിയ വെല്ലുവിളിയാകുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഹോണ്ടുറാസിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ പ്രകാരം, ഇടതുപക്ഷ പ്രസിഡന്റ് സിയോമാര കാസ്‌ട്രോയുടെ വിശ്വസ്തയും പിൻഗാമിയുമായി കണക്കാക്കപ്പെട്ടിരുന്ന റിക്‌സി മോങ്കാഡ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവർക്ക് വിജയിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
നിലവിലെ വോട്ടെണ്ണൽ അനുസരിച്ച്, മത്സരം കടുക്കുന്നത് രണ്ട് വലതുപക്ഷ സ്ഥാനാർത്ഥികൾ തമ്മിലാണ്. സാൽവഡോർ നസ്രല്ല, നസ്രി അസ്ഫുറ എന്നിവരാണ് ഈ സ്ഥാനാർത്ഥികൾ. ഇരുവരും വെനസ്വേലയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരാണ്. കൂടാതെ, കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് നസ്രി അസ്ഫുറ.
അതേസമയം, മാഡുറോയുടെ ഉറച്ച പിന്തുണക്കാരനായിരുന്ന റാൽഫ് ഗോൺസാൽവസ് സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസിലെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തെറിച്ചു. ഏകദേശം 25 വർഷത്തെ ഭരണത്തിന് ശേഷമാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടത്. ഇനി രാജ്യം നയിക്കുക സെന്റർ-റൈറ്റ് നേതാവായ ഗോഡ്‌വിൻ ഫ്രൈഡെ ആയിരിക്കും. അദ്ദേഹത്തിന്റെ പാർട്ടി പാർലമെന്റിലെ 15 സീറ്റുകളിൽ 14 എണ്ണവും നേടി വൻ വിജയം ഉറപ്പിച്ചു.

