തിരുവനന്തപുരം: ബ്രഹ്‌മോസിന്റെ പുതിയ യൂണിറ്റുകൂടി തിരുവനന്തപുരത്ത് വരുന്നതോടെ കേരളം രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് കൂടുതല്‍ പ്രാധാന്യമുള്ള സംസ്ഥാനമായി മാറും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിരവധി രാജ്യങ്ങള്‍ ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ( ബിഎപിഎല്‍) ബ്രഹ്‌മോസ് മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. പുതിയ കേന്ദ്രം എത്തുന്നത് ബ്രഹ്‌മോസ് മിസൈലിന്റെ നിര്‍മാണത്തില്‍ കേരളത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തേക്ക് കൂടുതല്‍ കേന്ദ്രനിക്ഷേപം എത്താന്‍ നെട്ടുകാല്‍ത്തേരിയില്‍ ബ്രഹ്‌മേസിന്റെ പുതിയ യൂണിറ്റ് വരുന്നത് കാരണമാകും. 2007ല്‍, എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍, പ്രതിരോധ മന്ത്രാലയം ഒരു രൂപയ്ക്ക് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള കല്‍ടെക് (കേരള ഹൈ-ടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ഏറ്റെടുത്ത് ബിഎപിഎല്ലിന് കൈമാറി. തുടക്കത്തില്‍ 75 കോടി മുതല്‍മുടക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി, കേന്ദ്രം ഏകദേശം 200 കോടി രൂപ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.
മിസൈലിന്റെ എയര്‍ബോണ്‍ ലോഞ്ചറും മിസൈല്‍ ഇന്റഗ്രേഷന്‍ യൂണിറ്റും തിരുവനന്തപുരത്താണ് നിര്‍മിക്കുന്നത്. ബ്രഹ്‌മേസിന്റെ ഭാരം കുറഞ്ഞ പതിപ്പായ ബ്രഹ്‌മോസ് നെക്‌സ്റ്റ് ജനറേഷന്‍ ( ബ്രഹ്‌മോസ് എന്‍ജി)യുടെ നിര്‍മാണത്തിലും തിരുവന്തപുരത്തെ യൂണിറ്റ് നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് നെട്ടുകാല്‍ത്തേരിയിലെ ബ്രഹ്‌മോസ് യൂണിറ്റ് നിര്‍ണായകമാകുന്നത്.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കര്‍ ഭൂമിയാണ് ബ്രഹ്‌മോസ് യൂണിറ്റിന് നിര്‍മിക്കുന്നതിനായി ഡിആര്‍ഡിഒയ്ക്ക് വിട്ടുകൊടുക്കുക. ജയിലിന്റെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി കൈമാറണമെങ്കില്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. ഭൂമി വേണമെന്ന് ഡിആര്‍ഡിഒ നേരത്തെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റത്തിനായി അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്.
ബഎപിഎല്ലിന്റെ ഉപകേന്ദ്രമായാണ് തിരുവനന്തപുരത്തെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ മാതൃസ്ഥാപനത്തില്‍ നിന്ന് തിരുവനന്തപുരം യൂണിറ്റിനെ വേര്‍പെടുത്താന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എംപിമാരും പ്രതിഷേധമറിയിച്ചിരുന്നു. ഡിആര്‍ഡിഒയ്ക്ക് കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള മറ്റൊരു സ്ഥാപനമായി തിരുവനന്തപുരത്തെ കേന്ദ്രത്തിനെ മാറ്റാനായിരുന്നു കേന്ദ്രതീരുമാനം.
ബ്രഹ്‌മോസിനുപുറമേ ഐഎസ്ആര്‍ഒ, ബാര്‍ക്ക്, ജിടിആര്‍ഇ, കല്‍പ്പാക്കം ആണവകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായും യന്ത്രങ്ങളും യന്ത്രഘടകങ്ങളും തിരുവനന്തപുരത്തെ കേന്ദ്രത്തിലാണ് നിര്‍മിക്കുന്നത്. നെട്ടുകാല്‍ത്തേരിയില്‍ പുതിയ യൂണിറ്റ് വരുന്നതോടെ കൂടുതല്‍ ശക്തമായി ഉത്പാദനം ആരംഭിക്കാന്‍ സാധിക്കും. പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നതിനാല്‍ കൂടുതല്‍ കരാറുകള്‍ തിരുവനന്തപുരം ബ്രഹ്‌മോസിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഡിആര്‍ഡിഒയുടെ കീഴില്‍ ഒരു സൊസൈറ്റിയായാകും തിരുവനന്തപുരത്തെ കേന്ദ്രം പ്രവര്‍ത്തിക്കുക എന്നാണ് വിവരം. സൊസൈറ്റിയാക്കി രജിസ്റ്റര്‍ ചെയ്ത് പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിച്ച് സ്വയംഭരണസ്ഥാപനമായാകും പ്രവര്‍ത്തിക്കുക. എന്നാല്‍ സൊസൈറ്റി ആയി മാറിയാല്‍ നിലവില്‍ ലഭിക്കുന്ന കരാറുകള്‍ നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. അതേസമയം ഡിആര്‍ഡിഒയുടെ നേരിട്ടുള്ള നിയന്ത്രത്തിലേക്ക് വരുന്നതോടെ കൂടുതല്‍ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

