Friday, December 5, 2025
HomeNewsദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ വിജയലക്ഷ്യം: കോഹ്ലിക്ക് സെഞ്ച്വറി; രാഹുലിനും രോഹിത്തിനും അർദ്ധസെഞ്ച്വറി

ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ വിജയലക്ഷ്യം: കോഹ്ലിക്ക് സെഞ്ച്വറി; രാഹുലിനും രോഹിത്തിനും അർദ്ധസെഞ്ച്വറി

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനമൽസരത്തിൽ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ വിജയലക്ഷ്യമൊരുക്കി ഇന്ത്യ. 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. വിരാട് കോഹ്‍ലിക്ക് സെഞ്ച്വറി, രോഹിത് ശർമക്കും കെ.എൽ.രാഹുലിനും അർധ സെഞ്ച്വറി. ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമൽസരം തന്റേതാക്കുകയായിരുന്നു കിങ് കോഹ്‍ലി (120 പന്തിൽ 135 റൺസ്). കോഹ്‍ലിക്കൊപ്പം ഇന്ത്യൻ ഇന്നിങ്സിന് തറക്കല്ലിടുന്ന പ്രകടനമായിരുന്നു രോഹിത് ശർമയും ചേർന്ന ‘രോകോ’ സഖ്യം. 51 പന്തിൽ 57 റൺസ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെ​ക്കോഡും രോഹിത് സ്വന്തമാക്കി. ക്യാപ്റ്റൻ കെ.എൽ. രാഹുൽ മൂന്ന് സിക്സറുകളും രണ്ടുഫോറും അടക്കം 56 പന്തിൽ 60 റൺസ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്തുടക്കത്തില്‍ തന്നെ 18 റൺസെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. തുടക്കത്തിൽ ശ്രദ്ധയോ​ടെ നേരിട്ട കോഹ്‍ലി പിന്നീട് അരങ്ങുവാഴുകയായിരുന്നു. പത്തോവർ അവസാനിക്കുമ്പോള്‍ 80ന് ഒന്ന് എന്ന നിലയിലായിരുന്ന ഇന്ത്യ അടുത്ത പത്തോവറില്‍ ടീമിനെ 153 ലെത്തിച്ചു. രോകോ സഖ്യം അർധസെഞ്ച്വറി നേടുകയും ചെയ്തു.

സ്‌കോര്‍ 161 ല്‍ നില്‍ക്കേ രോഹിത്തിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി മാര്‍ക്കോ യാന്‍സന്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 51 പന്തില്‍ 57 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്‌സറുമടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്‍വാദ് എട്ടു റൺസെടുത്ത് ബാർട്ട്മാന് വിക്കറ്റ്നൽകി മടങ്ങി. തുടർന്നെത്തിയ വാഷിങ്ടൺ സുന്ദർ 13 റൺസെടുത്ത് ബാർട്ട്മാന്റെ രണ്ടാമത്തെ ഇരയായി കൂടാരം കയറുകയായിരുന്നു. സെഞ്ച്വറിക്കുശേഷം വിരാടരൂപം പൂണ്ട കോഹ്‍ലി പ്രോട്ടീസ് ​ബൗളർമാരെ പൊതിരെ തല്ലുകയായിരുന്നു.

സ്കോർ 276ൽ നി​ൽക്കെ ബർഗറിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച കോഹ്‍ലി റിക്കിൽടെണിന്റെ ക്യാച്ചിൽ പവിലിയനിലേക്ക് മടങ്ങുകയായിരുന്നു. ഏഴ് സിക്സറുകളും പതിനൊന്ന് ഫോറുമടക്കം 135 റൺസാണ് കോഹ്‍ലി അടിച്ചെടുത്തത്. ക്യാപ്റ്റൻ കെ.ആർ. രാഹുൽ (60 റൺസ്) റിവേഴ്സ് സ്വീപ്പിനുള്ള ശ്രമത്തിനിടെ ഡികോക്കിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. ഏഴാമനായ രവീന്ദ്ര ജദേജ 20 പന്തിൽ 32 റൺസും അർഷ്ദീപ് സിങ് പൂജ്യത്തിനും പുറത്താവുകയായിരുന്നു. രണ്ടുപന്തിൽ മൂന്ന് റൺസെടുത്ത ഹർഷിത് റാണയും കുൽദീപ് യാദവുമായിരുന്നു 50 ഓവർ പൂർത്തിയാവുമ്പോൾ ക്രീസിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കക്കായി ബൗളർമാരായ മാർക്കോ യാൻസനും നാ​ന്ദ്രേ ബർഗറും കോർബിൻ ബോഷും ഒട് നീൽ ബാർട്ട് മാനും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയു​ടെ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ യാൻസനാണ് ഇന്ന് ഇന്ത്യൻ ബാറ്റർമാരു​ടെ ബാറ്റിന്റെ ചൂടറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments