Friday, December 5, 2025
HomeAmericaക്രിപ്റ്റോകറൻസികളുടെ മൂല്യം കൂപ്പുകുത്തി: 50 ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 1.16 ലക്ഷം കോടി ഡോളർ

ക്രിപ്റ്റോകറൻസികളുടെ മൂല്യം കൂപ്പുകുത്തി: 50 ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 1.16 ലക്ഷം കോടി ഡോളർ

മുംബൈ: പുതിയ തലമുറ നിക്ഷേപകരുടെ പ്രിയപ്പെട്ട ആസ്തിയായ ക്രിപ്റ്റോകറൻസികൾ കൂപ്പുകുത്തി. 50 ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 1.16 ലക്ഷം കോടി ഡോളർ. അതായത് 103 ​ലക്ഷം കോടിയിലേറെ രൂപ. ക്രിപ്റ്റോകറൻസി ആസ്തികളിൽ നിക്ഷേപം നടത്തുന്ന കമ്പനികളുടെ ഓഹരികളിലും ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും കനത്ത ഇടിവുണ്ടായി. ഈ വർഷം ജനുവരി മുതൽ ഇതുവരെ നിക്ഷേപകർക്ക് സ്വർണം 61.5 ശതമാനം റിട്ടേൺ സമ്മാനിച്ചപ്പോൾ ക്രിപ്റ്റോകറൻസികൾ നൽകിയത് 4.9 ശതമാനം നഷ്ടമാണ്. സ്വർണവും വെള്ളിയും പോലെ സുരക്ഷിതമായ നിക്ഷേപമല്ലെന്നും പണപ്പെരുപ്പമുണ്ടായാലും മൂല്യമുയരുകയും ചെയ്യുന്നതല്ല ക്രിപ്റ്റോകറൻസികൾ എന്ന് ഓർമിപ്പിക്കുന്നതായിരുന്നു വിപണിയിലെ കൂട്ടവിൽപ്പന.

ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ 36 ശതമാനം ഇടിവ് നേരിട്ടു. ​ഒക്ടോബർ ആറിന് സർവകാല റെക്കോഡായ 126,198 ഡോളർ എന്ന വിലയിൽനിന്നാണ് ബിറ്റ്കോയിന്റെ തകർച്ച. നവംബർ 21ന് ബിറ്റ്കോയിൻ വില 80,660 ഡോളറിലെത്തി. നിക്ഷേപകരുടെ 700 ദശലക്ഷം​ ഡോളറാണ് (6,255 കോടി രൂപ) വിപണിയിലെ ചോരപ്പുഴയിൽ ഒഴുകിപ്പോയത്. ഡിസംബറിൽ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിൽ ബിറ്റ്കോയിൻ കഴിഞ്ഞ ആഴ്ച അൽപം നഷ്ടം നികത്തിയെങ്കിലും 28 ശതമാനം ഇടിവിൽ തന്നെയാണ് ഇപ്പോഴും വ്യാപാരം ചെയ്യപ്പെടുന്നത്.

ഏറ്റവും പ്രധാനപ്പെട്ട 10 ക്രിപ്‌റ്റോകറൻസികൾക്ക് ഒരു ട്രില്യൺ ഡോളറിലധികവും (89.36 ലക്ഷം കോടി രൂപ) ക്രിപ്റ്റോകറൻസി ആസ്തികളിൽ നിക്ഷേപം നടത്തുന്ന സ്ട്രാറ്റജി ഐ.എൻ.സി പോലുള്ള കമ്പനികളുടെ ഓഹരികൾക്ക് നൂറ് ബില്യൺ ഡോളർ (8.93 ലക്ഷം കോടി രൂപ) മൂല്യവുമാണ് നഷ്ടപ്പെട്ടത്. സ്ട്രാറ്റജിയുടെ ഓഹരി വില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിൽനിന്ന് 67 ശതമാനം ഇടിവ് നേരിട്ടു. 74,000 ഡോളർ ശരാശരി വിലയിൽ 6.4 ലക്ഷം ബിറ്റ്കോയിനുകളുടെ ഉടമയാണ് സ്ട്രാറ്റജി.

2000-22 കാലഘട്ടത്തിൽ ഐ.ടി കമ്പനികളുടെ ഓഹരികൾക്ക് നേരിട്ട കനത്ത തകർച്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ക്രിപ്റ്റോകറൻസികളുടെ ഇടിവ്. ഡോട്ട്കോം ബബിൾ എന്നറിയപ്പെടുന്ന അന്നത്തെ കൂട്ടവിൽപനയിൽ യു.എസ് വിപണി​യിലെ പല കമ്പനികളുടെയും ഓഹരികളുടെ വില 95 ശതമാനം വരെ ഇടിഞ്ഞിരുന്നു.മറ്റു മുൻനിര ക്രിപ്റ്റോകറൻസികളായ സൊലാനക്ക് 41 ശതമാനവും ഇഥേറിയത്തിന് 35 ശതമാനവും ബിനാൻസ് കോയിന് 27 ശതമാനവും ഇടിവുണ്ടായി. കഴിഞ്ഞ വർഷം ജനുവരിയിൽ ബിറ്റ്കോയിൻ ഇ.ടി.എഫിന് യു.എസ് സർക്കാർ അനുമതി നൽകിയതിന് പിന്നാലെ നിരവധി ക്രിപ്റ്റോ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് (ഇ.ടി.എഫ്) വിപണിയിലെത്തിയത്. എന്നാൽ, ഒന്നര മാസത്തിനിടെ ഇ.ടി.എഫുകൾ വിപണിയിൽ തകർന്നടിഞ്ഞു. ഐഷെയർസ് ഇഥേറിയം ട്രസ്റ്റ് ഇ.ടി.എഫ് മൂല്യത്തിൽ 35 ശതമാനവും ഗ്രേസ്കെയിൽ ബിറ്റ്കോയിൻ ട്രസ്റ്റ് ഇ.ടി.എഫ്, ഫിഡെലിറ്റി വൈസ് ഒറിജിൻ ബിറ്റ്കോയിൻ ഫണ്ട് എന്നിവയുടെ മൂല്യത്തിൽ 27 ശതമാനം വീതവുമാണ് നഷ്ടമുണ്ടായത്. ഇത്രയേറെ അനിശ്ചിതാവസ്ഥയും ചാഞ്ചാട്ടവുമുള്ള ക്രിപ്റ്റോകറൻസികൾ നിക്ഷേപകർക്ക് എന്ത് നേട്ടമാണ് നൽകുന്നതെന്ന ചോദ്യമാണ് സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments