Friday, December 5, 2025
HomeNewsശബരിമല സ്വര്‍ണക്കൊള്ള:മുൻ കമ്മീഷണര്‍ കെഎസ് ബൈജുവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ശബരിമല സ്വര്‍ണക്കൊള്ള:മുൻ കമ്മീഷണര്‍ കെഎസ് ബൈജുവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണര്‍ കെഎസ് ബൈജുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് നാലുമണിവരെയാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് എസ്ഐടി കസ്റ്റഡിയിൽ വാങ്ങിയത്.

അതേസമയം, ശബരിമല കട്ടിളപ്പാളി കേസിൽ കെഎസ് ബൈജുവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്ന് ദ്വാരപാലക ശില്പങ്ങളുടെ കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിടുകയായിരുന്നു. സ്വർണ്ണക്കൊള്ളയിൽ കെ.എസ്.ബൈജു ഏഴാം പ്രതിയാണ്.

2019ൽ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ. സ്വർണപ്പാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ കെ.എസ് ബൈജു സ്ഥലത്ത് ഉണ്ടായിരുന്നില്ല. പാളികള്‍ കൈമാറുമ്പോൾ തൂക്കം ഉൾപ്പടെ രേഖപ്പെടുത്തേണ്ടത് തിരുവാഭരണം കമ്മീഷണറാണ്. ഈ സമയത്തെ അസാന്നിധ്യം അടക്കം ഗൂഢാലോചനയ്ക്ക് തെളിവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ കഴിഞ്ഞ ദിവസം വീണ്ടും റിമാൻഡ് ചെയ്തിരുന്നു. എസ്ഐടി കസ്റ്റഡി കാലാവധി തീര്‍ന്നതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്തു. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് പത്മകുമാറുള്ളത്.

അതേസമയം, പത്മകുമാറിന്‍റെ മൊഴി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി മാറുകയാണ്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി രാജീവരുമായി ബന്ധമുണ്ടെന്നാണ് പത്മകുമാറിന്‍റെ നിര്‍ണായക മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണെന്നും പത്മകുമാര്‍ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ശബരിമലയിൽ താൻ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണെന്നും സ്വത്തുക്കളുടെ മുഴുവൻ ഉത്തരവാദിത്തവും ദേവസ്വം ബോർഡിനാണുള്ളതെന്നുമാണ് തന്ത്രി രാജീവരര് വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം തന്ത്രിയുടെ മൊഴിയും എസ്ഐടി എടുത്തിരുന്നു. തന്ത്രി മോഹനനരുടെയും മൊഴി എടുത്തിരുന്നു. ശബരിമലയിൽ ജോലി ചെയ്ത ആളായതിനാൽ തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും എന്നാൽ, പോറ്റിയെ സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നുമാണ് രാജീവരര് വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments