കൊളംബോ : ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവുമടക്കമുള്ള ദുരിതത്തിൽപ്പെട്ട ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന പേരിലാണ് ഇന്ത്യ അയൽ രാജ്യത്തേക്ക് സഹായം അയയ്ക്കുന്നത്.അവശ്യ ഭക്ഷ്യവസ്തുക്കളും സാനിറ്ററി സാമഗ്രികളും വഹിച്ചുകൊണ്ടുള്ള സി 130 വിമാനം പുലർച്ചെ 1.30 ഓടെ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവള വിമാനത്താവളത്തിലെത്തി, ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും ശ്രീലങ്കൻ വ്യോമസേന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കുന്നതിനായി ഇന്ത്യ വെള്ളിയാഴ്ചയാണ് ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചത്.ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദൈഗിരിയും ശ്രീലങ്കയിലേക്ക് സഹായത്തിന് എത്തിയിരുന്നു. കെലാനി, അത്തണഗലു നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളിയാഴ്ച രാത്രി മുതൽ പശ്ചിമ പ്രവിശ്യയിൽ ദുരന്ത സാഹചര്യമാണ്.
ശ്രീലങ്കയിൽ ഏകദേശം നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും നിരവധിയാളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 72 മണിക്കൂറിനിടെയാണ് ഇത്രയും മരണമുണ്ടായത്. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഓഫിസുകളും വിദ്യാലയങ്ങളും അടച്ചു. ട്രെയിൻ സർവീസും റദ്ദാക്കി. മധ്യ പ്രവിശ്യാ നഗരമായ ഗംപോലയിൽ, റെയിൽവേ സ്റ്റേഷൻ വെള്ളത്തിലായി.

