Friday, December 5, 2025
HomeNewsയുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എരാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.വലിയമല പൊലീസാണ് കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയിലെടുത്തിരുന്നു. ഗര്‍ഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

യുവതി ഇന്നലെ സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറുകയായിരുന്നു. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുകയും ചെയ്തു. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി യുവതിയുടെ രഹസ്യമൊഴി എടുപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായുള്ള നീക്കമാണ് രാഹുലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവുമായി രാഹുല്‍ ചര്‍ച്ച നടത്തി. ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഓഗസ്റ്റില്‍ രാഹുലിനെ പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നുമാണ് ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.

ഇതിനിടെ അറസ്റ്റ് ഭയന്ന് രാഹുല്‍ ഒളിവില്‍ പോയെന്നും പാലക്കാട്ടെ എം.എല്‍.എ ഓഫീസ് പൂട്ടിയ നിലയിലാണെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments