വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച പുലർച്ചെ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, വെടിയുതിർത്തയാളെ ‘മൃഗം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അയാൾ വളരെ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്. രണ്ട് ഗാർഡുകളുടെയും ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു.
“ഗുരുതരമായി പരിക്കേറ്റ് രണ്ട് വ്യത്യസ്ത ആശുപത്രികളിൽ കഴിയുന്ന രണ്ട് നാഷണൽ ഗാർഡുകളെ വെടിവെച്ച ആ മൃഗത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും, അവൻ വലിയ വില നൽകേണ്ടിവരും,” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. “നമ്മുടെ വലിയവരായ നാഷണൽ ഗാർഡിനെയും നമ്മുടെ എല്ലാ സൈനികരെയും നിയമപാലകരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇവർ ശരിക്കും മഹാൻമാരാണ്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ട്!”, ട്രംപ് കൂട്ടിച്ചേർത്തു.
നാഷണൽ ഗാർഡ് സേനയ്ക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. വെടിവെപ്പിന് ശേഷം 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ നഗരത്തിലേക്ക് അയക്കാൻ ട്രംപ് ഉത്തരവിടുകയും ചെയ്തു. കുറ്റകൃത്യങ്ങൾക്കെതിരായ ട്രംപിൻ്റെ ദൗത്യത്തിൻ്റെ ഭാഗമായി വിന്യസിച്ച 2,000-ത്തിലധികം സൈനികരിൽ ഉൾപ്പെട്ടവരാണ് വെടിയേറ്റ ഗാർഡുകൾ.എൻവൈപോസ്റ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2:15-ന് വൈറ്റ് ഹൗസിന് സമീപമാണ് ആക്രമണമുണ്ടായത്. അക്രമി ഒരു വനിതാ ഗാർഡിന് നേരെ ആദ്യം നെഞ്ചിലും പിന്നീട് തലയിലും വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അക്രമി രണ്ടാമത്തെ ഗാർഡിന് നേരെയും വെടിയുതിർത്തു. സമീപത്തുണ്ടായിരുന്ന മൂന്നാമത്തെ ഗാർഡ് സ്ഥലത്തെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. 29 കാരനായ അഫ്ഗാൻ പൗരൻ റഹ്മാനുള്ള ലകൻവാൾ ആണ് വെടിയുതിർത്തതെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
രണ്ട് സൈനികരും മരിച്ചുവെന്നാണ് വെസ്റ്റ് വിർജീനിയ ഗവർണർ പാട്രിക് മോറിസ്സി ആദ്യം പറഞ്ഞതെങ്കിലും, അധികം വൈകാതെ അദ്ദേഹം തൻ്റെ പ്രസ്താവന പിൻവലിച്ചു.ഗാർഡ് അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ്” തൻ്റെ ഓഫീസിന് ലഭിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ പ്രാർഥനകൾ ഈ ധീരരായ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും മുഴുവൻ ഗാർഡ് സമൂഹത്തിനും ഒപ്പമുണ്ട്,” അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.

