വാഷിങ്ടൻ : വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർ കൊല്ലപ്പെട്ട സംഭവം ഭീകരപ്രവർത്തനമെന്നു വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അക്രമിയെ മൃഗം എന്നു വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു. അക്രമി അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.
‘‘ ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണ്. രാജ്യത്തിന് എതിരെയും മനുഷ്യരാശിക്ക് എതിരെയുമുള്ള കുറ്റകൃത്യമാണിത്’’– ട്രംപ് പറഞ്ഞു. 500 നാഷനൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. പരുക്കേറ്റ് ആശുപത്രിയിലുള്ള 2 നാഷനൽ ഗാർഡുകളുടെ നിലഗുരുതരമാണ്. അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ നില ഗുരുതരമല്ല. അക്രമി പെട്ടെന്ന് വെടിവയ്ക്കുകയായിരുന്നെന്ന് അധികൃതർ പറയുന്നു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്’’ – ട്രംപ് പറഞ്ഞു.
ഇന്ത്യൻ സമയം പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു. വെടിവയ്പിനു പിന്നാലെ വൈറ്റ് ഹൗസിൽ ലോക്ഡൗൺ ഏർപ്പെടുത്തി.

