വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ച് അടുത്ത ഏപ്രിലിൽ താൻ ബെയ്ജിങ്ങിലെത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് അടുത്തവർഷം യു.എസ് സന്ദർശനം നടത്തുമെന്നും ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയയിൽ ഇരുനേതാക്കളും തമ്മിലെ ഉച്ചകോടി കഴിഞ്ഞ് ഒരു മാസത്തിനുശേഷം നടന്ന ടെലിഫോൺ സംഭാഷണത്തിന് പിറകെയാണ് സന്ദർശന പ്രഖ്യാപനം.എന്നാൽ, ടെലിഫോൺ സംഭാഷണം സ്ഥിരീകരിച്ച ചൈനീസ് സർക്കാർ നേതാക്കളുടെ സന്ദർശനത്തെക്കുറിച്ച് പരാമർശിച്ചില്ല.
വ്യാപാരം, തായ്‍വാൻ, യുക്രെയ്ൻ വിഷയങ്ങൾ ചർച്ച നടത്തിയെന്നായിരുന്നു ചൈനീസ് വാർത്ത കുറിപ്പിലെ വിശദീകരണം. രണ്ടുതരത്തിൽ നൽകിയ വിശദീകരണം ഇരുശക്തികൾക്കുമിടയിൽ അഭിപ്രായ ഭിന്നത ഇനിയും പരിഹരിക്കാതെ ബാക്കിനിൽക്കുന്നുവെന്ന സൂചന നൽകുന്നു.
അയൽരാജ്യങ്ങളായ ചൈനയും ജപ്പാനും തമ്മിലെ നയതന്ത്ര ബന്ധം കൂടുതൽ കലുഷിതമാകുന്നതിനിടെയാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. ചൈന തായ്‍വാനെതിരെ നടപടിയെടുത്താൽ സൈനികമായി തായ്‍വാനൊപ്പം നിൽക്കുമെന്ന ജപ്പാൻ പ്രധാനമന്ത്രി സനെ തകെയ്ച്ചിയുടെ വാക്കുകളാണ് ഏറ്റവുമൊടുവിൽ സംഘർഷകാരണം.

